കൊരട്ടിമുത്തിയുടെ തിരുനാൾ: ഒരുക്കങ്ങൾ വിപുലം
1339144
Friday, September 29, 2023 1:24 AM IST
കൊരട്ടി: പ്രസിദ്ധമരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഒക്ടോബർ 1 മുതൽ 31 വരെ ആഘോഷിക്കുമെന്ന് അസി. വികാരി ഫാ. അഖിൽ മേനാച്ചേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരുനാളിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഏകോപനം കാര്യക്ഷമമാക്കാൻ 15 ലീഡേഴ്സും 240 വൊളന്റിയേഴ്സും അടങ്ങുന്ന തിരുനാൾ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
പ്രധാന വഴിപാടായ പൂവൻ കായ സ്വദേശത്തു നിന്നും തമിഴ്നാട്ടിൽ നിന്നും സംഭരിക്കും. ഒക്ടോബർ രണ്ടിന് പൂവൻകായ നേർച്ചയുടെ ചരിത്ര സ്മരണയുണർത്തി മേലൂർ പള്ളയിൽ നിന്നുള്ള പൂവൻകുല സമർപ്പണം വൈകീട്ട് 5.30ന് കൊരട്ടി പള്ളിയിലെത്തും.
ഒക്ടോബർ 11ന് വൈകീട്ട് നാലിന് ജപമാല, ലദീഞ്ഞ് എന്നിവക്ക് ശേഷം കൊടിയേറ്റ്. തുടർന്ന് പ്രദക്ഷിണമായി ടൗൺ കപ്പേളയിലെത്തും. പതിവുപോലെ ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് ടൗൺ കപ്പേള തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. 12 ന് റോസറി വില്ലേജ് ഡേ ആഘോഷിക്കും.13ന് ഇടവക ജനങ്ങളുടെ പൂവൻ കുല സമർപ്പണം. 14, 15 തിയതികളിൽ പ്രധാന തിരുനാൾ. 15ന് രാവിലെ അഞ്ചിന് അത്ഭുത രൂപം എഴുന്നള്ളിക്കൽ. 21, 22 തിയതികളിൽ എട്ടാമിടം.
28, 29 തിയതികളിൽ പതിനഞ്ചാമിടം. ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും മാധ്യസ്ഥം തേടുന്നതിനും മുത്തിയുടെ തിരുനടയിലെത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരു അസൗകര്യങ്ങളും നേരിടാതിരിക്കാൻ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായെന്നും ഇടവക ട്രസ്റ്റിമാരായ നിജു ജോയ്, ജോഫി നാൽപ്പാട്ട്, തിരുനാൾ ജനറൽ കൺവീനർ ജോമോൻ ജോസ് പള്ളിപ്പാടൻ, ജോയിന്റ് കൺവീനർ ദേവസിക്കുട്ടി കവലക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.