വെട്ടുകേസിൽ പ്രധാന പ്രതിയുമായി തെളിവെടുപ്പ്
1338956
Thursday, September 28, 2023 1:57 AM IST
എരുമപ്പെട്ടി: പന്നിത്തടം മരത്തംകോട് സ്വദേശിയായ സെജീറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിലൊരാളെ പോലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൈപറമ്പ് സ്വദേശി സയ്യിദ് റഹ്മാനെയാണ് പന്നിത്തടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
എയ്യാൽ നീണ്ടൂർ രാഹുൽ, കൈപറമ്പ് സയ്യിദ് വീട്ടിൽ സയ്യിദ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സെജീറിനെ വെട്ടി മാരകമായി പരുക്കേൽപ്പിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡിൽ സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രധാന പ്രതിയായ രാഹുലിനെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നില്ല. രാഹുലിനെ അടുത്ത ദിവസം സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
പന്നിത്തടത്ത് ചിക്കൻ സെന്റർ നടത്തുന്ന സെജീറിനെ കഴിഞ്ഞ 15ന് നാലു പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വാളുകൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സെജീറിന്റെ രണ്ടു കൈകൾക്കും വെട്ടേറ്റ് ഗുരുതര പരുക്കുപറ്റി. സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലും ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മറ്റു രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.