കൊടുങ്ങല്ലൂർ: 96-ാമത് ഗുരുദേവ മഹാസമാധി ദിനം എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുപൂജ, സമൂഹ അർച്ചന, ഗുരുദേവ കൃതികളുടെ പരായണം, പ്രഭാഷണം എന്നീ ചടങ്ങുകളോടെയാണ് മഹാസമാധി ദിനം ആചരിച്ചത്. യൂണിയൻ ഹാളിൽ നടന്ന ദിനാചരണം യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു.
ദിനിൽ മാധവ്, ജോളി ദിൽഷൻ, ശിവറാം, വിജയൻ തുമ്പരപ്പുള്ളി, ജലജ വിശ്വനാഥൻ, മഞ്ജു ഉണ്ണികൃഷ്ണൻ, പ്രേമലത ബാബു, സമൽരാജ് തുടങ്ങിയവർ നേതൃത്വം നല്കി. കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് എൻ.എ. സദാനന്ദൻ ശാന്തി, പി.എൻ. ബാബുശാന്തി, സന്ദീപ് ശാന്തി, കെ.കെ. സുരേഷ് ശാന്തി, കെ.എസ്. സുധി ശാന്തി, ഒ.വി. സുരേഷ് ശാന്തി, കെ.എസ്. കണ്ണൻ ശാന്തി, കെ.പി. പ്രജിത്ത് ശാന്തി, പി.കെ. ഉണ്ണിശാന്തി എന്നിവർ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.
പുല്ലൂറ്റ് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുദേവ സമാധി ആചരിച്ചു. ചാപ്പാറയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനവും നടന്നു.
കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ചാലക്കുടി: എസ്എൻഡിപി യോഗം ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു.
എസ്എൻഡിപി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഗുരുപൂജ, സമൂഹ പ്രാർഥന, ഗുരുദേവ കീർത്താനാലാപനം, ഉപവാസം, സമാധി പൂജ, ശാന്തിയാത്ര എന്നീ ചടങ്ങുകൾനടന്നു. കെ. ബാബുലാൽ ശാന്തി മുഖ്യകാർമികത്വം വഹിച്ചു.