പരുന്തുപാറയില്‍ കാട്ടാനയിറങ്ങി മുന്നൂറിലേറെ വാഴകൾ നശിപ്പിച്ചു
1337716
Saturday, September 23, 2023 2:01 AM IST
ഇഞ്ചക്കുണ്ട് : പരുന്തുപാറയില്‍ കാട്ടാനയിറങ്ങി മുന്നൂറിലേറെ വാഴകൾ നശിപ്പിച്ചു. പരുന്തുപാറയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്യുന്ന കളത്തില്‍ ഡേവിസിന്റെ വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഒരേക്കര്‍ സ്ഥലത്ത് നട്ടുപരിപാലിച്ചിരുന്ന മുന്നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടത്തിലെത്തിയ കാട്ടാനകള്‍ നശിപ്പിച്ചത്. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഡേവിസ് പറഞ്ഞു.
സമീപത്തെ വനഭൂമിയില്‍ നിന്നും തോട്ടത്തിലെത്തുന്ന കാട്ടാനകളെ നിയന്ത്രിക്കാന്‍ സോളാര്‍ വേലികൾ പോലും ഫലപ്രദമാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. വലിയ മരങ്ങള്‍ മറിച്ചിട്ട് ഫെന്‍സിംഗ് തകര്‍ത്താണ് ആനകള്‍ തോട്ടത്തില്‍ പ്രവേശിക്കുന്നത്. മാനുകളും കാട്ടുപന്നിയും പ്രവേശിക്കാതിരിക്കാന്‍ കെട്ടിയിരുന്ന ഷീറ്റും കാട്ടാനക്കൂട്ടം തകർത്ത നിലയിലാണ്.
സമീപത്തുള്ള ഡേവിസിന്റെ മറ്റൊരു തോട്ടത്തിലെ ഏതാനും വാഴകളും ആറു തെങ്ങുകളും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. തെങ്ങുകള്‍ കുത്തിമറിച്ചിട്ട് തെങ്ങിന് കൂമ്പ് ഭക്ഷിച്ച നിലയിലാണ്. ഭക്ഷണം കിട്ടാതെ അലഞ്ഞു നടക്കുന്ന കാട്ടാനക്കൂട്ടം അടുത്ത ദിവസങ്ങളില്‍ സമീപത്തുള്ള തോട്ടങ്ങളില്‍ എത്താനുള്ള സാധ്യത ഏറെയാണെന്നു കര്‍ഷകര്‍ പറയുന്നു.
കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയതോടെ പരുന്തുപാറ പ്രദേശത്തെ കര്‍ഷകര്‍ ഭീതിയിലാണ്. ഉയര്‍ന്ന വിലയ്ക്ക് വളം വാങ്ങിയും കനത്ത കൂലി നല്‍കിയുമാണ് കര്‍ഷകര്‍ കൃഷി നടത്തിക്കൊണ്ടുപോകുന്നത്.
ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് കൃഷിചെയ്യുന്നത് കാട്ടാനക്കൂട്ടം നശിപ്പിക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. കൃഷിയിടങ്ങളില്‍ നിന്ന് വന്യമൃഗങ്ങളെ അകറ്റുന്നതിന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രദേശത്തുനിന്നും കൃഷി ഉപേക്ഷിച്ചുപോകേണ്ട ഗതികേടിലാണു കര്‍ഷകര്‍.