ആമ്പല്ലൂര്‍ - കല്ലൂര്‍ മെക്കാഡം റോഡിലെ അപകട ഗര്‍ത്തം അടച്ചു
1337401
Friday, September 22, 2023 2:10 AM IST
ആമ്പല്ലൂര്‍: അധികൃതര്‍ അവഗണിച്ച ആമ്പല്ലൂര്‍ - കല്ലൂര്‍ മെക്കാഡം റോഡിലെ അപകടക്കുഴികള്‍ അടച്ചു. ആമ്പല്ലൂര്‍ ക്ലബ് പാംബ്രീസ് പ്രവര്‍ത്തകരാണ് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികള്‍ അടച്ചത്. ഏറെ തിരക്കുള്ള റോഡില്‍ ആമ്പല്ലൂര്‍ വടക്കുമുറി ഭാഗത്ത് ആഴ്ചകളായി രൂപപ്പെട്ട വലിയ കുഴികളില്‍വീണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായിരുന്നു.
വളവിനോടുചേര്‍ന്നുള്ള ഭാഗത്തെ കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങള്‍ അതില്‍വീണ് തകരാറാകുന്നതും നിത്യസംഭവമായിരുന്നു.നാട്ടുകാരും യാത്രക്കാരും നിരവധിതവണ പരാതി നല്‍കിയെങ്കിലും റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡിലെ അപകടാവസ്ഥ തിരിച്ചറിഞ്ഞ ക്ലബ് ഭാരവാഹികള്‍ കുഴികള്‍ പൂര്‍ണമായും അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ക്ലബ് പ്രസിഡന്റ് സ്റ്റോജന്‍ പിടിയത്ത്, സെക്രട്ടറി ബിജു കൂവക്കാടന്, അഭീഷ്കുമാര്, ആന്റസ് കണ്ണംമ്പുഴ എന്നിവര്‍ നേതൃത്വംനല്കി.