കോർപറേഷനിൽ ടെൻഡർ മാഫിയകൾ കടമുറികൾ മറിച്ചുവിറ്റ് ലക്ഷങ്ങൾ കൊയ്യുന്നു
1337392
Friday, September 22, 2023 1:59 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: കോർപറേഷൻ കടമുറികൾ മറിച്ചുവില്പന നടത്തി ലക്ഷങ്ങൾ കൊയ്ത് ടെണ്ടർ മാഫിയകൾ. വേറെയാർക്കും ടെണ്ടർ പിടിക്കാൻ അവസരം നല്കാതെ സംരക്ഷണമേകി ഭരണനേതൃത്വവും.
ഇക്കാര്യത്തിൽ കൈമടക്കിന്റെ ഫലത്തിൽ പിന്തുണയേകാൻ പ്രതിപക്ഷവും പാർട്ടിക്കാരുമുണ്ട്. കോർപറേഷൻ ഉദേ്യാഗസ്ഥരുടെകൂടെ ഒത്താശയോടെയാണു ടെണ്ടർ മാഫിയകളുടെ വിളയാട്ടം.
കോർപറേഷനു തുച്ഛമായ പണം നല്കിയാണു ടെണ്ടർ മാഫിയ വർഷങ്ങളോളമായി കടമുറികൾ അടക്കിവാഴുന്നത്. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിലുള്ള ഇൗ കടമുറികൾ ആയിരങ്ങളുടെ ദിവസവാടകയ്ക്കാണു മറിച്ചുവിൽക്കുന്നത്.
കോർപറേഷന്റെ പല കെട്ടിടങ്ങളിലായി ഒരാളുടെ പേരിൽതന്നെ നിരവധി കടമുറികൾ ടെണ്ടറെടുത്ത് തട്ടിപ്പു നടത്തുന്നുണ്ട്. ടെണ്ടറെടുത്ത ചില വ്യക്തികളും വ്യാപാരം അവസാനിപ്പിച്ചപ്പോൾ മുറികൾ കോർപറേഷനു തിരിച്ചുനല്കാതെ മറിച്ചുവിറ്റ് ലക്ഷങ്ങൾ സന്പാദിക്കുന്നു.
ഒരു മുറി മൊത്തമായും രണ്ടും മൂന്നുമായി വിഭജിച്ചും പലർക്കും ദിവസവാടകയ്ക്കു നല്കിയിട്ടുണ്ട്. മാഫിയകൾക്കു ദിവസവാടക ആയിരങ്ങൾ നല്കുന്നതിൽ കടക്കാർക്ക് നഷ്ടമോ എതിർപ്പോ ഇല്ലെങ്കിലും കോർപറേഷനു നഷ്ടം ലക്ഷങ്ങളുടെ വരുമാനമാണ്.
മാത്രമല്ല പാവപ്പെട്ട കച്ചവടക്കാർക്കു കടമുറി കിട്ടാതെ തെരുവോരത്ത് കച്ചവടത്തിനിറങ്ങേണ്ട ഗതികേടും. തെരുവിൽ കച്ചവടം നടത്തുന്നവരെ പണപ്പിരിവു നടത്തി പിടുങ്ങാൻ ഗുണ്ടകളും പിന്നാലെയുണ്ട്. ശക്തൻ മാർക്കറ്റ്, ജയ്ഹിന്ദ് മാർക്കറ്റ് പരിസരങ്ങളിൽ പണപ്പിരിവുകാരുടെ ശല്യം രൂക്ഷമാണ്.
ഇവർക്കു പിരിവു കൊടുത്തില്ലെങ്കിൽ ലൈസൻസിന്റെ പേരുപറഞ്ഞ് ഉപദ്രവിക്കാൻ ഉദ്യോഗസ്ഥരുമെത്തും. ശക്തൻ ബസ് സ്റ്റാൻഡിനടുത്തുള്ള ശക്തൻ ആർക്കേഡ്, ബസ്റ്റാൻഡ് കെട്ടിടം, സ്വരാജ് റൗണ്ടിൽ ബെൽമൗത്ത് ചെറിയതും വലുതുമായ കെട്ടിടങ്ങൾ, ജയ്ഹിന്ദ് മാർക്കറ്റ്, കിഴക്കെകോട്ട, ചെട്ടിയങ്ങാടി ന്നിവിടങ്ങളിലാണ് ടെണ്ടർ മാഫിയകൾ പിടിമുറുക്കിയിട്ടുള്ളത്.
ചില മുൻ കൗൺസിലർമാരുടെയും നേതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുമാണ് ടെണ്ടർ മാഫിയകളെന്നാണ് ആരോപണം. ടെണ്ടറെടുത്ത മുറികൾ അനധികൃത കൈമാറ്റം നടത്തിയതായി തെളിഞ്ഞാൽ കടപൂട്ടി തിരിച്ചെടുക്കുമെന്നാണു വ്യവസ്ഥ. എന്നാൽ അനധികൃത കൈമാറ്റത്തിനെതിരെ കോർപറേഷനിൽ നിരവധി പരാതികൾ നല്കിയിട്ടും നടപടികളുണ്ടായിട്ടില്ല.
ടെണ്ടർ നടപടികളെ കുറിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽപോലും ശരിയായ വിവരങ്ങൾ നല്കാൻ മടിക്കുന്നതായും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുന്നതായും ആരോപണമുണ്ട്.
വിവരാവകാശം അപ്പീൽ നല്കി ലഭിച്ച റിപ്പോർട്ടിലും വ്യക്തതയില്ലെന്നു പറയുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചിലർ പരാതിയുമായി വിജിലൻസിനെ സമീപിച്ചു.