പുത്തൂർ സുവോളജിക്കൽ പാർക്കിൽ മയിലുകൾക്കായി പുതിയ ആവാസകേന്ദ്രം
1337390
Friday, September 22, 2023 1:59 AM IST
പുത്തൂർ: സുവോളജിക്കൽ പാർക്കിൽ മയിലുകൾക്കായി ആവാസകേന്ദ്രം ഒരുങ്ങി. തൃശൂർ മൃഗശാലയിൽനിന്നും സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ മാറ്റാനുള്ള കേന്ദ്ര സൂ അഥോറിറ്റി അനുമതിയായതോടെ ഓക്ടോബർ ഒന്നിനുതന്നെ പക്ഷി മൃഗാദികളുടെ മാറ്റത്തിന് തുടക്കംകുറിക്കാനാണ് നീക്കം.
മാറ്റുന്നതിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച ഉദ്യോഗസഥതല യോഗംചേരും. ആദ്യഘട്ടത്തിൽ മയിലുകളെയാണ് സുവോളജിക്കൽ പാർക്കിൽ എത്തിക്കുന്നത്. എട്ടുമീറ്റർ ഉയരത്തിൽ വിശാലമായ ആവാസയിടമാണ് ഒരുക്കിയിരിക്കുനത്.
ഓരോ മയിലുകൾക്കും പ്രത്യേക കൂടുകളും ഒരുക്കുന്നുണ്ട്. മയിലുകൾക്കുശേഷം തത്ത, ജല പക്ഷികൾ എന്നിവയെ കൂടി എത്തിക്കും. ഒക്ടോബർ അവസാനവാരത്തോടെ കുരുങ്ങുകളേയും നെയ്യാറിൽനിന്ന് ചീങ്കണ്ണികളേയും എത്തിക്കും.
നവംബർ ആദ്യവാരം മാനുകളെ എത്തിക്കും. വിദേശത്തുനിന്നു ജിറാഫ്, ആഫ്രിക്കൻ മാൻ, അനാക്കോണ്ട, സീബ്ര എന്നിവയെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.