കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന്റെ പശ്ചാത്തല സൗകര്യങ്ങൾ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ കുറ്റമറ്റതാക്കാൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകോപന യോഗം ചേർന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി.
തിരുനാളിനെത്തുന്ന ഭക്തജനങ്ങൾക്കു യാതൊരു അസൗകര്യങ്ങളും ഉണ്ടാകാതിരിക്കാൻ പ്രാദേശിക ഭരണകൂടമെന്ന നിലയിൽ ഗ്രാമപഞ്ചായത്തും വിവിധ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പ്രതിനിധികൾ യോഗത്തിൽ ഉറപ്പു നൽകി. പോലീസ് - എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനധികൃത ലഹരി വില്പന തുടങ്ങിയവ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മോഷണത്തിനെതിരെ ജാഗ്രത പുലർത്താനും യാചക നിരോധിത പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിക്കുന്ന വഴിയോരക്കച്ചവടം അനുവദിക്കില്ല. വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളൊരുക്കും.
24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഹരിതകർമ സേനയുടെ സേവനവും ഉറപ്പാക്കും. നിർമാണം പൂർത്തിയായ പാറക്കൂട്ടം കുടിവെള്ള പദ്ധതി തിരുനാളിനുമുമ്പേ ഉദ്ഘാടനം ചെയ്യാനും ആലോചനയുണ്ട്. പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യു, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യു, വാട്ടർ അഥോറിറ്റി, കെ.എസ്.ഇ.ബി, ഇറിഗേഷൻ, കെഎസ്ആർടിസി, ബസ് ഓണേഴ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ, ഡ്രെെവേഴ്സ് യൂണിയൻ തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഫൊറോന വികാരി ഫാ. ജോസ് ഇടശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കൊരട്ടി സിഐ ബി.കെ. അരുൺ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സിന്ധു രവി, കെ.ആർ. സുമേഷ്, വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പൻ, ലിജോ ജോസ്, ജെയ്നി ജോഷി, പി.ജി. സത്യപാലൻ, ചാക്കപ്പൻ പോൾ, ഗ്രേസി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ 14, 15 തീയതികളിലാണു തിരുനാൾ. 21, 22 തിയതികളിൽ എട്ടാമിടവും ആഘോഷിക്കും.