ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു
1336442
Monday, September 18, 2023 1:24 AM IST
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. രണ്ടുകൈയിൽ നിന്നും ചാലക്കുടിയിലേക്ക് വരുകയായിരുന്ന ബസിന്റെ ടയറിന്റെ ഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവർ അറിയിച്ചപ്പോഴാണ് ഡ്രൈവർ ബസ് നിർത്തിയത്.
ഇന്നലെ രാവിലെ 11.45ന് കൂടപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ ബസ് എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ചാലക്കുടി ഫയർഫോഴ്സിനെ വിവരം അറിയുക്കുകയും അസി. സ്റ്റേഷൻ ഓഫീസർ കെ.സി. മുരളിയുടെ നേതൃത്വത്തിൽ സേന എത്തി തീ അണയ്ക്കുകയും ചെയ്തു.
ബസിന്റെ വലതു വശത്ത് പിറകിലെ അകത്തെ വീൽഡ്രം ചൂടായി കത്തി തീ പിടിച്ചതാണെന്നാണ് നിഗമനം. ഫയർഫോഴ്സ് എത്തി അപകടാവസ്ഥപൂർണ്ണമായും ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. രമേശ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ടി.എസ്. അജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എസ്. സന്തോഷ് കുമാർ, നിഖിൽ കൃഷ്ണൻ, കെ. അരുൺ, ഹോം ഗാർഡ് കെ.പി. മോഹനൻ എന്നിവരുൾപ്പെട്ട സംഘമാണ് തീ അണച്ചത്.