കുടിവെള്ളം മുട്ടിച്ച് ജല അഥോറിറ്റിയുടെയും ദേശീയപാത അധികൃതരുടെയും ക്രൂരത
1336433
Monday, September 18, 2023 1:17 AM IST
വാടാനപ്പിള്ളി: ചേറ്റുവ പടന്ന നിവാസികളുടെ കുടിവെള്ളംമുട്ടിച്ച് ജല അഥോറിറ്റിയുടെയും ദേശീയപാത അധികൃതരുടെയും ക്രൂരത. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തീരദേശമേഖലയായ പടന്നയിൽ കുടിവെള്ളമെത്തിയിട്ട് മൂന്നുമാസത്തിലേറെയായി.
ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ഭാഗമായി കാന നിർമിക്കുന്നതിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുമ്പോള് കുടിവെള്ള പൈപ്പുകൾ തകരുകയാണ്. തകർന്ന പൈപ്പുകൾ യഥാസമയം കേടുപാടുകൾ തീർക്കാൻ ജല അഥോറിറ്റി തയാറാകുന്നില്ല. ഇതോടെ പൊട്ടിയ പൈപ്പ് ദേശീയപാത കരാർകമ്പനി തോഴിലാളികൾ സ്റ്റോപ്പറിട്ട് അടച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പരിസരപ്രദേശങ്ങളിൽ ലഭിക്കേണ്ടതായ കുടിവെള്ളമാണ് തടസപ്പെടുന്നത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്ന പ്രവൃത്തികൾ നടക്കുന്നത് രാത്രിസമയങ്ങളിലായതിനാൽ ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. സ്റ്റോപ്പറിട്ട് അടച്ച പൈപ്പുകൾ മണ്ണിട്ടുമൂടുകയും ചെയ്യും. ചേറ്റുവയിൽ പല സ്ഥലത്തും ഇതുപോലെ പൊട്ടിയ പൈപ്പുകൾ അടച്ചുമൂടിവച്ചിട്ടുണ്ട്. തീരദേശമേഖലയായ ചേറ്റുവ നിവാസികളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയം ജല അഥോറിറ്റിയുടെ പൈപ്പ് വെള്ളമാണ്.
സമീപത്ത് പുഴയായതിനാൽ വീട്ടുകിണറുകളിൽ ഉപ്പുവെള്ളമാണ്. ജല അഥോറിറ്റിയുടെ കുടിവെള്ളം തടസപ്പെടുന്നത് ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റിക്കും പരാതി നൽകി. പരാതി സ്വീകരിച്ച ജില്ലാ കളക്ടർ തുടർ നടപടിക്കായി ജല അഥോറിറ്റിക്കും ദേശീയപാത അഥോറിറ്റിക്കും നോട്ടീസ് അയച്ചു. ജില്ലാ കലക്ടറുടെ ഇടപെടൽ മൂലം കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പ്രദേശത്തെ കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിച്ച് തീരദേശവാസികളുട കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.