വളന്തകാട് പാലം നിർമാണം: അപാകത പരിഹരിക്കണമെന്ന് പ്രമേയം പാസാക്കി
1515321
Tuesday, February 18, 2025 3:30 AM IST
മരട്: മരട് നഗരസഭയിൽ വളന്തകാട് ദ്വീപിലേക്ക് പാലം പണിയുന്നതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസാക്കി. 45 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വളന്തകാട് ദ്വീപിലേയ്ക്കാണ് പാലം നിർമിക്കുന്നത്. ഈ ഭാഗത്ത് പുഴയുടെ വീതി 106 മീറ്ററാണ്. എന്നാൽ പുഴയുടെ തെക്കോട്ട് 100 മീറ്റർ മാറിയാൽ വീതി ആറു മീറ്റർ മാത്രമാണ്.
106 മീറ്റർ വീതിയിലും ഏഴു മീറ്റർ ഉയരത്തിലുമായി നിർമിക്കുന്ന ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് പാലത്തിന്റെ ലാൻഡിംഗിനായി ഇരുകരകളിലും 60 മീറ്ററോളം സ്ഥലം കണ്ടെത്തേണ്ടതായി വരും. ഇത് പ്രായോഗികമല്ലാത്തതിനാൽ, 30 മീറ്റർ വീതിയുള്ള സെൻട്രൽ സ്പാൻ മാത്രം നിലവിലെ ഉയരത്തിൽ നിലനിർത്തി ശേഷിക്കുന്ന സൈഡിലുള്ള പില്ലറുകളുടെ നീളം കുറച്ച് പാലത്തിന്റെ ലാൻഡിംഗ് പഴയുടെ കരകളിലേക്ക് ചേർന്ന് വരത്തക്ക വിധം നിർമാണം പൂർത്തിയാക്കണമെന്നാണ് നഗരസഭയുടെ ആവശ്യം.
പാലം ഡിസൈൻ ചെയ്തിട്ടുള്ള സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ സ്ഥലം നേരിൽ കണ്ട് പരിശോധിക്കാതെയാണ് സ്ട്രക്ചർ പ്ലാൻ തയാറാക്കിയിരിക്കുന്നതെന്നും, ബന്ധപ്പെട്ട വിദഗ്ധ സംഘം പാലത്തിന്റെ നിർമാണം നടക്കുന്ന സ്ഥലം നേരിൽ പരിശോധിച്ച് പ്ലാനിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.