പുഴയിൽ അപകടത്തിൽപ്പെട്ട് മരിച്ച അമ്മയ്ക്കും മകൾക്കും ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു
1515317
Tuesday, February 18, 2025 3:30 AM IST
കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ അപകടത്തിൽപ്പെട്ട് മരിച്ച കോഴിപ്പിള്ളി ആര്യപ്പിള്ളില്‍ (പാറയ്ക്കല്‍) അബിയുടെ ഭാര്യ ജോമിനി (39), മകൾ മരിയ (15) എന്നിവർക്ക് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. ഇരുവരുടെയും മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ എത്തിച്ചത്. വൈകുന്നേരത്തോടെ കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയുടെ സെമിത്തേരിയില്‍ ഇരുവര്‍ക്കും അന്ത്യനിദ്രയൊരുക്കി. ചടങ്ങുകള്‍ക്ക് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിപ്പിള്ളി പുഴയിലെ ചെക്ക് ഡാമില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.
മരിയ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ചാടിയതാണ് മാതാവ് ജോമിനി. അന്നുതന്നെ മരിയയുടേയും ഞായറാഴ്ച ജോമിനിയുടേയും മരണം സംഭവിച്ചു. ഈസ്റ്റേണ്‍ കമ്പനിയില്‍ ജീവനക്കാരനായ അബിയുടെ ഭാര്യയും മകളുമാണ് കുടുബത്തിന്റേയും നാടിന്റേയും ദുഖമായി മാറിയത്. ഇളയ മകള്‍ ജൂലിയയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല. ജോമിനി കോഴിപ്പിള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പതിനഞ്ചുകാരി മരിയ.