സ്വരാജ് ട്രോഫി പുരസ്കാരം പാലക്കുഴ പഞ്ചായത്തിന്
1515311
Tuesday, February 18, 2025 3:30 AM IST
പാലക്കുഴ: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം വീണ്ടും പാലക്കുഴ പഞ്ചായത്തിന്. തുടർച്ചയായി നാലാം തവണയാണ് പഞ്ചായത്ത് പുരസ്കാരം നേടുന്നത്. മാലിന്യ സംസ്കരണത്തിലെ മികച്ച പ്രവർത്തനങ്ങൾ. ലൈഫ്ഭവന പദ്ധതി, അതിദാരിദ്ര നിർമാർജനം, കാർഷികം, മൃഗസംരക്ഷണം ആരോഗ്യ മേഖല, ഭിന്നശേഷി സൗഹൃദ സമീപനത്തിലെ അനുകരണീയമായ മാതൃക തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനർഹമാക്കിയത്.
ആധുനിക ക്രിമറ്റോറിയം, ടേക്ക് എ ബ്രേക്ക് പദ്ധതി, കളിക്കളം, എല്ലാ അങ്കണവാടികളും ഹൈടെക്ക്, വയോജന - ബാലസൗഹൃദ പഞ്ചായത്ത് തുടങ്ങിയ പദ്ധതികൾ ശ്രദ്ധേയമായി നടപ്പാക്കി. ഭവനനിർമാണ മേഖലയ്ക്കും കാർഷിക/മൃഗസംരക്ഷണ മേഖലകൾക്കും ഇത്തവണത്തെ പദ്ധതിയിൽ ഊന്നൽ നൽകിയിരുന്നു. 24.065 കോടിയുടെ പദ്ധതികളാണ് ഈ വർഷം നടപ്പാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു.
രണ്ടാം സ്ഥാനം നേടി മാറാടി പഞ്ചായത്ത്
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി മാറാടി പഞ്ചായത്ത്. കഴിഞ്ഞ വർഷം നടപ്പാക്കിയിട്ടുള്ള വിവിധങ്ങളായ വികസന ക്ഷേമ-സേവന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിന് അർഹമായത്. മാലിന്യമുക്ത മാറാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ അവാർഡിന് മുഖ്യ കാരണമായി.
റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ, ജലസംരക്ഷണം, പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ചത്, എല്ലാ നികുതികളും 100 ശതമാനം പിരിച്ചെടുത്തത്, ഹരിത കർമസേനാ യൂസർഫീ കളക്ഷൻ 100 ശതമാനം, ലൈഫ് ഭവന പദ്ധതി, മികച്ച കുടുംബശ്രീ പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയിൽ പ്രവർത്തനങ്ങൾ, വയോജന ക്ലബ്, വനിതകൾക്കുള്ള ജിം, ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായി സേവനങ്ങൾ നൽകൽ, ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടികൾ, സ്കൂളുകൾ ഇവയെല്ലാമാണ് പഞ്ചായത്തിനെ സ്വരാജ് ട്രോഫിക്ക് അർഹമാക്കിയതെന്ന് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.