‘വായ്പാ തട്ടിപ്പ്; അന്വേഷണവും നടപടിയും വൈകുന്നു’
1514996
Monday, February 17, 2025 4:03 AM IST
മൂവാറ്റുപുഴ: വായ്പാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണവും നടപടിയും വൈകുന്നതായി പരാതി. മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു സംബന്ധിച്ചാണ് നിക്ഷേപകർ പരാതി ഉന്നയിച്ചിട്ടുള്ളത്. നിക്ഷേപം തിരികെ ലഭിക്കാൻ ഭാഗികമായി തടസം നേരിട്ടു തുടങ്ങിയിട്ട് ഒന്നര വർഷമായെന്ന് നിക്ഷേപകർ പറയുന്നു.
നിക്ഷേപ ശോഷണത്തിനിടയായ സാഹചര്യം കണ്ടെത്താൻ കഴിഞ്ഞ മാർച്ചിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ 22 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.
ബാങ്കിനു നഷ്ടപ്പെട്ട തുക പലിശ സഹിതം ഉത്തരവാദികളിൽ നിന്നും ഈടാക്കി നിക്ഷേപകർക്കു തിരികെ നൽകുന്ന നടപടിക്കാണ് താമസം നേരിടുന്നത്. മതിയായ ഈടില്ലാതെ മുൻ പ്രസിഡന്റിനും ഓണററി സെക്രട്ടറി ഉൾപ്പെടെയുള്ള ചില അംഗങ്ങൾക്ക് അമിതമായി വായ്പ നൽകിയതും വർഷങ്ങളായി കുടിശികയായി തിരികെ ലഭിക്കാത്തതുമായ സാഹചര്യമാണ് ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്.