കുന്നേൽ ഉണ്ണി മിശിഹാ പള്ളിയിൽ ശിശുസമർപ്പണം
1514990
Monday, February 17, 2025 3:54 AM IST
ആലങ്ങാട്: തീർഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽ ഉണ്ണി മിശിഹാ പള്ളിയിൽ ശിശുസമർപ്പണം നടന്നു. തിരുനാളാഘോഷത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ശിശുസമർപ്പണത്തിന് പതിവുപോലെ ഒട്ടേറെ വിശ്വാസികൾ സാക്ഷ്യം വഹിച്ചു. ഫാ. ജോയൽ തെക്കിനേടത്ത് കാർമികത്വം വഹിച്ചു.
ആദ്യാക്ഷരം എഴുതിക്കാൻ നൂറുകണക്കിന് അമ്മമാരാണ് കുട്ടികളുമായി എത്തിയത്. അവർക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. 20ഓളം വൈദികർ ചേർന്നാണ് കുഞ്ഞുങ്ങൾക്കുള്ള ചോറൂട്ട്, ആദ്യാക്ഷരം കുറിക്കൽ എന്നിവ നടത്തിയത്.
ഫെബ്രുവരി 20നാണ് എട്ടാമിടം. രാവിലെ 5.30 മുതൽ തുടർച്ചയായി കുർബാന, തുടർന്ന് പ്രദക്ഷിണം എന്നിവ ഉണ്ടാകും. ഒരു ലക്ഷത്തോളം തമുക്ക് നേർച്ച പാക്കറ്റുകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഉണ്ണിയും പാളയും, അടിമ, അമ്പ് എഴുന്നള്ളിക്കൽ, ഉടുപ്പ്, മോതിരമണിയിക്കൽ, പാളയും കയറും, കാഴ്ചക്കുല സമർപ്പണം എന്നീ നേർച്ചകൾക്കും തിരക്കനുഭവപ്പെട്ടു.