ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സമാപിച്ചു
1508259
Saturday, January 25, 2025 4:22 AM IST
കൊച്ചി: മൂന്നു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പ് സമാപിച്ചു. റിക്രിയേഷണല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55ലേറെ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ച മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നുമായി 4,000 ത്തിലേറെ ബിസിനസ് സന്ദര്‍ശകരെത്തിയെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
സമാപനദിനമായ ഇന്നലെ പ്രദര്‍ശകരുമായി ബിസിനസ് സന്ദര്‍ശകരുടെ ബി2ബി സംഗമങ്ങള്‍ നടന്നു. മാലി ടൂറിസം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനും ട്രിപ്പേഴ്സ് മാല്‍ഡീവ്സ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറുമായ മുഹമ്മദ് റിയാദ് മാലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ബോട്ട് നിര്‍മാതാക്കള്‍ക്കും മറൈന്‍ ഉപകരണങ്ങള്‍ക്കുമുള്ള ബിസിനസ് അവസരങ്ങളെപ്പറ്റി അവതരണം നടത്തി.
കേരള സര്‍ക്കാരിനു കീഴിലുള്ള കെബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കേരളാ മാരിടൈം ബോര്‍ഡ്, സിഫ്റ്റ്, ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയാണ് മേള നടന്നത്. ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനുകളും ഐബിഎംസിന്റെ ഭാഗമായുണ്ടായിരുന്നു.