അങ്കണവാടി കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി ബഹളം
1508254
Saturday, January 25, 2025 4:11 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനത്തെ അങ്കണവാടി കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ബഹളം. ഇരുമ്പനം അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന 83-ാം നമ്പർ അങ്കണവാടിയാണ് സ്വകാര്യ കമ്പനിയുടെ സംരംഭം തുടങ്ങുന്നതിന് വേണ്ടി മാറ്റിസ്ഥാപിക്കാൻ കൗൺസിലിൽ അജണ്ടയായെത്തിയത്.
സ്വന്തം സ്ഥലത്ത് പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കാൻ നഗരസഭാ ഭരണക്കാർ സ്വകാര്യകമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്നും ഇതിൽ അഴിമതിയുണ്ടെന്നാരോപിച്ചുമാണ് യുഡിഎഫ് അംഗങ്ങളായ കെ.വി. സാജു, പി.ബി. സതീശൻ, ഡി.അർജുനൻ, എൽസി കുര്യാക്കോസ് എന്നിവർ വിയോജിപ്പ് രേഖപ്പടുത്തിയത്.
ഇതേത്തുടർന്ന് കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങുകയായിരുന്നു. അങ്കണവാടി മാറ്റുവാൻ സർക്കാർ അംഗീകാരം ആവശ്യമാണന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.