ആഘോഷങ്ങളിലേക്കും കടന്നുകയറി കഞ്ചാവ്
1508249
Saturday, January 25, 2025 4:11 AM IST
ജില്ലയില്‍ കഴിഞ്ഞമാസം പിടികൂടിയത് 131 കിലോഗ്രാം
കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷം പൊടിപൊടിച്ച കൊച്ചി നഗരത്തിൽ നിന്നടക്കം ജില്ലയില്‍ കഴിഞ്ഞ മാസം പിടികൂടിയത് 131 കിലോ കഞ്ചാവ്. ഭൂരിഭാഗവും എത്തിയത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന്. എത്തിച്ചവരില്‍ അധികവും ജോലിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരും.
കൊച്ചിയിലടക്കം ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാരേറിയതോടെയാണ് ജില്ലയിലേക്കുള്ള കഞ്ചാവ് വരവ് വര്‍ധിച്ചത്. ഇതിനുപുറമേ 12 കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 86 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. കൗമാരക്കാര്ക്കിടയിലടക്കം കഞ്ചാവിനാണ് ഇപ്പോള്‍ പ്രിയമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ 24 ദിവസത്തിനിടെ ജില്ലയില്‍ പിടികൂടിയ മയക്കുമരുന്നു കേസുകളില്‍ ഒട്ടു മിക്കവയും കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ്. അറസ്റ്റിലായത് യുവാക്കളും. ജില്ലയിലെ ഒരു കോളജില്‍ വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അധ്യാപകര്‍ അടുത്തിടെ എക്സൈസിന്റെ സഹായം തേടിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആവശ്യക്കാര്‍ക്ക് കാമ്പസിനകത്തുവരെ ലഹരിമരുന്ന് എത്തുന്നതായും കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ വിദ്യാര്‍ഥികള്‍ തന്നെ. 0.5 ഗ്രാം എംഡിഎംഎ കൈവശംവച്ചാല്‍ ജയിലില്‍ പോകുമെങ്കിലും അതേ വീര്യമുള്ള സിന്തറ്റിക് കഞ്ചാവ് ഒരു കിലോയില്‍ താഴെ സൂക്ഷിച്ചാല്‍ പോലും ജാമ്യം കിട്ടുമെന്നതാണ് കഞ്ചാവിലേക്കുള്ള മാറ്റത്തിനു പ്രേരണ.
വീര്യംകൂടിയ രാസലഹരി ലായനിയില്‍ മാസങ്ങളോളം ഇട്ടുവച്ച കഞ്ചാവ് പുറത്തെടുത്ത് ഉണക്കി ചെറിയ ഉരുളകളായാണ് വില്‍പ്പന. ലഭ്യതയും കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണ് സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ മാസം 119 എന്‍ഡിപിഎസ് കേസുകളിലായി 118 പേരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവിന് പുറമേ 11.8 ഗ്രാം ഹെറോയിന്‍, 0.18 മെത്താംഫിറ്റമിന്‍, 1.28 ഗ്രാം എംഡിഎംഎ, 560 ഗ്രാം ചരസ്, 1015 ലിറ്റര്‍ വാഷ് എന്നിവയും പിടികൂടിയിരുന്നു.