ടാങ്കറിന് പിന്നിൽ ബൈക്കിടിച്ച് മജീഷ്യൻ മരിച്ചു
1508106
Friday, January 24, 2025 10:39 PM IST
നെടുന്പാശേരി: ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മജീഷ്യനും നർത്തകനുമായ യുവാവ് മരിച്ചു. പള്ളിക്കര മലയകുരിശ് കണ്ടത്തിൽ വീട്ടിൽ പരേതനായ ജോണിന്റെ മകൻ സന്തോഷ് ജോണാ(അവ്വയ് സന്തോഷ് -44)ണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. പട്ടാന്പിയിൽനിന്നു പ്രോഗ്രാം കഴിഞ്ഞു മടങ്ങിവരുന്ന വഴി സന്തോഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.
ലോറി നിർത്താതെ പോയി. അപകടമറിഞ്ഞെത്തിയവർ സന്തോഷിനെ ഉടൻ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംസ്കാരം ഇന്നു രണ്ടിന് കിഴക്കന്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 64 വയസുള്ള വൈറൽ ഡാൻസറായ ലീലാമ്മ സന്തോഷിന്റെ അമ്മയാണ്. ഭാര്യ: ഷീന. മക്കൾ: ജാനൽ, അലീന (വിദ്യാർഥികൾ).