പ്ലൈവുഡ് കന്പനിക്കുവേണ്ടി ജലാശയം നികത്തി റോഡ് നിർമിക്കാനുള്ള ശ്രമം തടഞ്ഞു
1507969
Friday, January 24, 2025 4:45 AM IST
മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കന്പനിക്കുവേണ്ടി ജലാശയം നികത്തി റോഡ് നിർമിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പായിപ്ര മാനാറിയിലാണ് പൊതുതോടും കുളവും നികത്തി റോഡ് നിർമിക്കുവാൻ പ്ലൈവുഡ് മാഫിയ ശ്രമിച്ചത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സംഭവം അറിഞ്ഞ് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇവർ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയവരെ സ്ഥലത്ത് വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കുവാൻ ആവശ്യപ്പെട്ടു.
തുടർന്ന് പ്രദേശത്തെ സ്കെച്ചും പ്ലാനും മറ്റും പരിശോധിച്ചതിൽ അനധികൃമായാണ് ജലാശയങ്ങൾ അടക്കം നികത്തി റോഡ് നിർമിച്ചതെന്ന് കണ്ടെത്തി. ഇതോടെ നാട്ടുകാരുടെ വാദം മുഖവിലക്കെടുത്ത് റോഡ് നിർമാണം നിർത്തിവയ്ക്കുവാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. മൂടിയ കുളവും കിണറും തോടും മണ്ണ് നീക്കി പൂർവ സ്ഥിതിയിലാക്കുവാനും നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ്, ബ്ലോക്ക് പഞ്ചാഗംത്തംഗം എം.എ. റിയാസ്ഖാൻ, പഞ്ചായത്തംഗം ജയശ്രീ ശ്രീധരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് ഭൂമിയിൽ നാല് പ്ലൈവുഡ് കന്പനികൾ സ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. ഇതിന് മുന്നോടിയായി ഇതുവഴി റോഡ് നിർമിക്കുവാൻ ദിവസങ്ങളായി ശ്രമം നടത്തിവരുകയായിരുന്നു.
നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന സ്ഥലത്താണ് കന്പനികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പ്ലൈവുഡ് മാഫിയക്ക് സഹായകരമായ നിലപാടാണ് ഉദ്യോഗസ്ഥർ കൈകൊള്ളുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. ഇതേതുടർന്നാണ് നാട്ടുകാർ സംഘടിതമായി നിർമാണം തടഞ്ഞത്.