മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; പിഴല റോഡിന് ശാപമോക്ഷമാകുന്നു
1507956
Friday, January 24, 2025 4:27 AM IST
കൊച്ചി: കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി പിഴല പാലവുമായി ബന്ധിപ്പിക്കുന്ന 350 മീറ്റര്‍ പിഴല റോഡിന്റെ ശോച്യാവസ്ഥ മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. നിര്‍മാണജോലി പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം ജില്ലാ കളക്ടറും ജിഡ സെക്രട്ടറിയും കമ്മീഷനില്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പിഴല റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ ഒ. ജി. സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പിഴല റോഡിലെ കാനയില്‍ നിന്നും ഇ.എം.എസ്. റോഡ് കാനയിലേക്ക് വെള്ളം ഒഴുക്കി വിടുന്നുവെന്ന ആരോപണം പഞ്ചായത്ത് അസി. എന്‍ജിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി പരിഹാരം കാണണമെന്ന് കമ്മീഷന് കടമക്കുടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.പിഴല റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ വിളിച്ച് പുരോഗതി വിലയിരുത്തണമെന്നും ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഒക്ടോബര്‍ 18ന് യോഗം വിളിച്ചത്. ഡിസംബര്‍ മൂന്നിന് എറണാകുളത്ത് നടന്ന കമ്മീഷന് സിറ്റിംഗില്‍ കളക്ടറുടെ പ്രതിനിധി ഹാജരായി.
കടമക്കുടി പഞ്ചായത്ത് സെക്രട്ടറി, അസി. എന്‍ജിനീയര്‍, സമരസമിതി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കരാറുകാരന് എന്നിവരുടെ യോഗം കളക്ടര്‍ വിളിച്ചതായി കളക്ടറുടെ പ്രതിനിധി അറിയിച്ചു. പദ്ധതി സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായും കളക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ 18ന് നടന്ന യോഗത്തിന്റെ മിനിറ്റ്സും ഹാജരാക്കി. ജിഡ സെക്രട്ടറിയുടെ പ്രതിനിധിയും സിറ്റിംഗില്‍ ഹാജരായി. മാര്‍ച്ച് 31 നകം പണി പൂര്‍ത്തിയാക്കണമെന്ന ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ നിര്‍ദേശം നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.