ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ യുക്രെയ്ൻ പൗരന്റെ തുടർചികിത്സ ആസ്റ്ററിൽ
1507946
Friday, January 24, 2025 3:52 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെറ്റി പ്ലാറ്റ്ഫോമിൽ വീണ് പരിക്കേറ്റ യുക്രെയ്ൻ പൗരനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി.
ബെന്നി ബെഹനാൻ എംപിയുടെ നിർദേശപ്രകാരമാണ് നടപടി. ശിവഗിരിയിൽനിന്ന് യുക്രെയ്നിലേക്കുള്ള മടക്കയാത്രയ്ക്കായി ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെയാണ് യുക്രെയ്ൻ സ്വദേശിയായ വോളേധ്യാർ ബസ്റോഡിക്കിന് (78) വീണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഇരുവർക്കും നെടുമ്പാശേരിയിൽ നിന്ന് വിമാനത്തിൽ കയറാനുമായില്ല. വീഴ്ചയിൽ ഇടുപ്പെല്ലിനു പൊട്ടലേറ്റു.
ബുധനാഴ്ച ഉച്ചവരെയായിരുന്നു വിസ കാലാവധി ഉണ്ടായിരുന്നത്. വിസ പ്രശ്നവും ചികിത്സയും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും എംപി നിർദേശം നൽകി.