മത്സ്യത്തൊഴിലാളി ഫെഡറേഷൻ : സംസ്ഥാന സമ്മേളനത്തിനു തുടക്കം
1507944
Friday, January 24, 2025 3:52 AM IST
വൈപ്പിൻ: അവകാശങ്ങൾക്കും തൊഴിൽ സംരക്ഷണത്തിനും വേണ്ടി തൊഴിലാളികൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നതും പണിമുടക്കുന്നതും സർക്കാർ വിരുദ്ധ സമരമായി വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നത് തൊഴിലാളി വർഗത്തോടുള്ള വിവേചനമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ.
മാലിപ്പുറത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 17 -ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ഹൃദയത്തിലാണ് ഇടതുപക്ഷത്തിന്റെ അടിത്തറ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള എഐടിയുസിയുടെ പോരാട്ടമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
അസംഘടിത മേഖലയിലെയും പരമ്പരാഗത മേഖലയിലെയും ഉൾപ്പെടെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾക്ക് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.കെ. അഷ്റഫ് , കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി. രാജു, മഹിളാസംഘം ജില്ലാ സെക്രട്ടറി താര ദിലീപ്, കെ.എൽ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.