സഹകാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുമായി മർക്കന്റെയിൽ സൊസൈറ്റി
1484720
Friday, December 6, 2024 3:32 AM IST
നെടുമ്പാശേരി : നെടുമ്പാശേരി മേഖല മർക്കന്റെയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരികൾക്കായി കുറഞ്ഞ പ്രീമിയം നിരക്കിൽ പതിനഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നു.
തപാൽ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കുമായി സഹകരിച്ചാണ് മർക്കന്റെയിൽ സൊസൈറ്റി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസിന് 899 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്.
കേരളത്തിലെ പ്രമുഖ പ്രമുഖ ഹോസ്പിറ്റലുകളിൽ കാഷ് ലെസായി ഇൻഷ്വറൻസ് തുക ലഭ്യമാകും. ഇതോടൊപ്പം ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർ ഉൾപ്പെട്ട കുടുംബത്തിന് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കായ 2,500 രൂപയാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വാങ്ങുന്നത്. പദ്ധതിയിൽ ചേരുന്ന സഹകാരികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ആശാമിത്ര ലോൺ പദ്ധതിയും മർക്കന്റെയിൽ സൊസൈറ്റി ആവിഷ്കരിച്ചിട്ടുണ്ട്.
ഇതിലൂടെ സംഘത്തിലെ ആയിരത്തോളം സഹകാരികളെ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർക്കുന്നതിനാണ് സൊസൈറ്റി ഉദ്ദേശിച്ചിട്ടുള്ളത്.
ആശാമിത്ര ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സീനിയർ മാനേജർ വി.എം. മിനിമോൾ ഉദ്ഘാടനം ചെയ്തു.
മർക്കന്റെയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷനായിരുന്നു. മാനേജർ എച്ച്.എസ്. ശ്രീനാഥ്, കെ.ബി. സജി,ഷാജു സെബാസ്റ്റ്യൻ,പി.കെ. എസ്തോസ്,എ.വി. രാജഗോപാൽ, കെ.ജെ. ഫ്രാൻസിസ്, വി.എ. ഖാലിദ്, ബിന്നി തരിയൻ, ഷാജി മേത്തർ, പി.പി. ബാബുരാജ്, കെ.വി. ജോസഫ്,പി.പി. സുബ്രഹ്മണ്യൻ, ഷൈജൻ പി. പോൾ, കെ.ജെ. പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.