തൃക്കാക്കര നഗരസഭയിൽ രാജിനാടകം തുടർക്കഥ
1484717
Friday, December 6, 2024 3:32 AM IST
കാക്കനാട്: വിവാദങ്ങൾ വിട്ടൊഴിയാത്ത തൃക്കാക്കര നഗരസഭയിൽ സ്ഥിരം സമിതിയംഗങ്ങൾ രാജിവച്ച് മറ്റു സ്ഥിരം സമിതികളിലേക്ക് മത്സരിക്കുന്നത് തുടർക്കഥയാവുന്നു. നഗരസഭാ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിനു ശേഷം വിവിധസ്ഥിരം സമിതികളിലെ അഞ്ചു പേരാണ് തങ്ങൾ അംഗങ്ങളായുള്ള കമ്മിറ്റികളിൽനിന്നും രാജിവച്ചത്.
പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന യുഡിഎഫിലെ സോമി റെജിക്കെതിരെ നടന്ന അവിശ്വാസ വോട്ടെടുപ്പിപ്പിൽ യുഡിഎഫിനൊപ്പം നിന്ന രണ്ടു സ്വതന്ത്ര കൗൺസിലർമാർ കൂറുമാറി വോട്ടു ചെയ്തതോടെ എൽഡിഎഫിലെ സിപിഎം കൗൺസിലർ റസിയാ നിഷാദ് പൊതുമരാമത്ത്സ്ഥിരം അധ്യക്ഷയായെങ്കിലും വോട്ടെടുപ്പിനു മുൻപ് തന്നെ സോമി റെജി രാജിവച്ചു. ഒരാഴ്ച പിന്നിടും മുന്നേ എൽഡിഎഫിലെ ലിയാ തങ്കച്ചൻ ധനകാര്യ സ്ഥിരംസമിതിയിൽനിന്നു രാജിവച്ച് ആരോഗ്യ സ്ഥിരം സമിതിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
യുഡിഎഫിലെ ലാലി ജോഫിൻ ആരോഗ്യസ്ഥിരം സമിതിയിൽ നിന്നും രാജിവച്ചതും വിവാദമായി. ഇന്നലെ ആരോഗ്യസ്ഥിരം സമിതിയിൽനിന്നു രാജിവച്ച റാഷിദ് ഉള്ളംപിള്ളി ധനകാര്യ സ്ഥിരം സമിതിയിലേക്ക് മത്സരിക്കും. ഇന്നാണ് ധനകാര്യ സ്ഥിരംസമിതിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഇതേ സമിതിയിൽ അംഗമായിരുന്ന സ്വതന്ത്ര കൗൺസിലർ പി.സി. മനൂപും രാജിവച്ച് ആരോഗ്യസ്ഥിരം സമിതിയിലേക്ക് മത്സരിച്ചേക്കും.
നഗരസഭാ ഭരണം യുഡിഎഫിനാണെങ്കിലും കോൺഗ്രസിലെ എ-ഐ ഗ്രൂപ്പു പോരുകൾ ഭരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വതന്ത്രരടക്കം അഞ്ചു പേരുള്ള മുസ്ലിംലീഗിലും പടലപ്പിണക്കം തുടരുന്നു. മുസ്ലിംലീഗ് പ്രതിനിധിയായി നഗരസഭാ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എ.എ. ഇബ്രാഹിംകുട്ടിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിമേൽ ലീഗിലെ മറ്റു നാലുപേരും വോട്ടു ചെയ്ത് ഇബ്രാഹിം കുട്ടിയെ പുറത്താക്കിയിരുന്നു.
തുടർന്ന് രണ്ടു വർഷത്തേക്ക് വൈസ് ചെയർമാനായ പി.എം. യൂനുസ് മുസ്ലിം ലീഗു നിർദേശപ്രകാരം വൈസ് ചെയർമാൻ പദവി രാജി വയ്ക്കുകയും ഇടച്ചിറ ഡിവിഷനിൽ നിന്നും സ്വതന്ത്രനായി മൽസരിച്ചു വിജയിച്ച അബ്ദു ഷാനയ്ക്ക് അഞ്ചു മാസം വൈസ് ചെയർമാൻ പദവി നൽകിയത് ലീഗിലും കോൺഗ്രസ് എ വിഭാഗത്തിലും വിള്ളലുണ്ടാക്കിയെന്ന നിലപാടാണ് യുഡിഎഫ് കൗൺസിലർമാരിൽ പലർക്കുമുള്ളത്.