മേയറോട് വിയോജിച്ച് സ്ഥിരംസമിതിയിൽ നിന്ന് ഭരണകക്ഷി കൗണ്‍സിലർ രാജിവച്ചു
1484709
Friday, December 6, 2024 3:32 AM IST
കൊച്ചി: സ്ഥിരംസമിതി അധ്യക്ഷന്മാരുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷനിലെ സ്ഥിരംസമിതിയിൽ നിന്ന് ഭരണകക്ഷി കൗണ്‍സിലര്‍ രാജിവച്ചു. മുന്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും നിലവില്‍ കമ്മിറ്റി അംഗവുമായ എം.എച്ച്.എം. അഷറഫാണ് രാജിവച്ചത്. അഴിമതി ആരോപണത്തില്‍ സ്ഥിരംസമിതി അംഗങ്ങളെ സംശയമുനയില്‍ നിര്‍ത്തിയ മേയറുടെ പ്രതികരണത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്ന് അഷറഫ് പറഞ്ഞു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച് കൗണ്‍സിലില്‍ അംഗമായ ജെ. സനില്മോനാണ് നിലവില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന്. എം.എച്ച്.എം. അഷറഫ് രാജിവച്ചതിനെ തുടര്‍ന്നാണ് സനില്മോന് ചെയര്‍മാനാകുന്നത്. ഇതിനിടെ സനില്മോന് സിപിഎമ്മിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. മേയറുടെ പരാമര്‍ശം കമ്മിറ്റി അംഗങ്ങള്‍ ആകെ അഴിമതിയാണെന്ന തോന്നല്‍ പൊതുജനത്തിനുണ്ടാക്കി. ഈ സാഹചര്യത്തില്‍ കമ്മിറ്റിയില്‍ തുടരാന്‍ ധാര്‍മികമായി ബുദ്ധിമുട്ടുണ്ടെന്ന് അഷറഫ് തന്റെ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി.
കോർപറേഷനിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പേരില്‍ വൈറ്റില മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആദര്‍ശ് ചന്ദ്രന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം ബുധനാഴ്ച നടന്ന കൗണ്‍സിലില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി അംഗം കൂടിയായ പി.എസ്. വിജുവാണ് ഉന്നയിച്ചത്. ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് ജെ. സനല്മോന്റെയും വികസനകാര്യ സമിതി ചെയര്മാന് പി.ആര്. റെനീഷിന്റെയും പേരിലായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
ഈ ഉദ്യോഗസ്ഥനെ മേയര്‍ സസ്പെൻഡ് ചെയ്തു. ആരോപണത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് റെനീഷ് കൗണ്‍സിലില്‍ മറുപടി നല്‍കിയെങ്കിലും സനല്‍മോന്‍ സംസാരിക്കാന്‍ തയാറായില്ല. അതേ കമ്മിറ്റിയിലെ ഒരംഗത്തിന്റെ രാജിയോടെ അഴിമതി ആരോപണം പുതിയ തലങ്ങളിലേക്കാണ് കടന്നിരിക്കുന്നത്.