വാർഡ് പുനർവിഭജനം: ജില്ലയിൽ ഇതുവരെ ലഭിച്ചത് 1,009 പരാതികൾ
1484708
Friday, December 6, 2024 3:32 AM IST
കാക്കനാട്: ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചതിന് ശേഷം പരാതികൾ നൽകാനുള്ള അവസാന ദിവസമായ ഇന്നലെ വരെ ലഭിച്ചത് 1,009 പരാതികൾ. പരാതികൾ അന്വേഷിച്ച് തുടർ നടപടികൾക്കായി 96 ഉദ്യോഗസ്ഥരെ കളക്ടർ ചുമതലപ്പെടുത്തി. ഇവർ ഇന്നുമുതൽ പട്ടിക പരിശോധിച്ച് 18 നകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും കളക്ടർ
എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
കൊച്ചി കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വാർഡുകളുടെ അതിർത്തി പുനർവിഭജനം നടത്തിയ കരട പട്ടിക കഴിഞ്ഞ ദിവസം ഡി -ലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. കരടു പട്ടികയിൽ വാർഡുകൾ വെട്ടിമുറിച്ചതും അതിർത്തി നിർണയിച്ചതുമുൾപ്പെടെ ഒട്ടേറെ പിഴവുകൾ ഉള്ളതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കളക്ടർ തീരുമാനിച്ചത്.
ഇന്നുമുതൽ ഇവർ സജീവമാവും. കോർപ്പറേഷൻ, നഗരസഭ എന്നിവിടങ്ങളിലെ വാർഡ് വിഭജന പരാതികൾ പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾക്കും, ഗ്രാമ പഞ്ചായത്തുകൾക്കായി ഗസറ്റഡ് ഓഫീസർമാർക്കും ചുമതല നൽകി.
കോർപ്പറേഷൻ അതിർത്തി സംബന്ധിച്ച പരാതികൾക്ക് ഒരു ജില്ലാ മേധാവിയെയും 13 നഗരസഭകൾക്കായി13 ജില്ലാമേധാവികളെയും 82 ഗ്രാമപ്പഞ്ചായത്തുകൾക്കായി 82 ഗസറ്റഡ് ഓഫീസർമാരെയുമാണ് നിയമിച്ചത്. അന്വേഷണ റിപ്പോർട്ട് ഡിസംബർ 18ന് മുൻപായി കളക്ടർക്ക് സമർപ്പിക്കണം. അന്തിമ റിപ്പോർട്ട് ഡിസംബർ 26ന് കലക്ടർ ഡി ലിമിറ്റേഷൻ കമ്മീഷനു സമർപ്പിക്കും. ജില്ലയുടെ നഗര മേഖലയിൽ 28 വാർഡുകളും ഗ്രാമീണ മേഖലയിൽ 123 വാർഡുകളുമാണ് വർധിച്ചത്.
96 തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ ബ്ലോക്ക് പഞ്ചായത്തുകളിൽ വാർഡ് വിഭജനം നടത്തുകയുള്ളു. തുടർ ന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിർത്തി നിർണയവും നടത്തും.