കാവുംപടി റോഡിൽ അപകട ഭീഷണിയായി കുഴി
1484703
Friday, December 6, 2024 3:01 AM IST
മൂവാറ്റുപുഴ: തിരക്കേറിയ കാവുംപടി റോഡിലെ കുഴി അപകട ഭീഷണിയാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ വിദ്യാർഥികളുമടക്കം സഞ്ചരിക്കുന്ന റോഡിന്റെ നടുവിൽ രൂപപ്പെട്ടിരിക്കുന്ന കുഴിയാണ് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത് മൂവാറ്റുപുഴ-കാവുംപടി റോഡിനെയാണ്.
മഴ പെയ്ത് കുഴിയിൽ വെള്ളം നിറയുന്നതോടെ ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. മാസങ്ങളായി ജല അഥോറിറ്റിയുടെ പൈപ്പ് തകർന്ന് റോഡിലൂടെ ജലം ഒഴുകാൻ തുടങ്ങിയിട്ട്. ഇതിനിടെയുണ്ടായ ചെറിയ കുഴിയാണ് ഇപ്പോൾ വലിയ ഗർത്തമായി മാറിയിരിക്കുന്നത്.
സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാർ കുഴിയൽ വീഴുകയും വാഹനം മറിഞ്ഞ് അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്. രണ്ട് സ്കൂളുകൾ, പോലീസ് സ്റ്റേഷൻ, കോടതി സമുച്ചയം, നഗരസഭാ കാര്യാലയം തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് കാവുംപടി റോഡിൽ സ്ഥിതി ചെയ്യുന്നത്. കുഴി നികത്തി റോഡിലെ അപകടക്കെണിക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.