അങ്കമാലി കുണ്ടന്നൂര്‍ ബൈപ്പാസ്:കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കണം: ബെന്നി ബഹനാന്
1484460
Thursday, December 5, 2024 3:27 AM IST
കൊച്ചി: അങ്കമാലി-കുണ്ടന്നൂര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ് നിർമാണത്തില്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബെന്നി ബഹനാന് എംപി. എന്‍എച്ച് 66, എന്‍എച്ച് 966 നിർമാണവേളയില്‍ കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കെട്ടിടത്തിന്റെ പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേകാനുമതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അങ്കമാലി-കുണ്ടന്നൂര്‍ ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കും ഈ മാതൃകയില്‍ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെട്ടു.
2013 ലെ കേന്ദ്രസ്ഥലമേറ്റെടുപ്പ് നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് വേണം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍. റവന്യൂ രേഖകള്‍ പരിഗണിക്കാതെ നിലവിലെ അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ഇപ്പോള്‍ നിര്‍മാണം തുടങ്ങിയിട്ടുള്ള ചാലക്കുടി മുരിങ്ങൂരിലെ അണ്ടര്‍പാസില്‍ സ്പാനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എംപി മന്ത്രിയെ ധരിപ്പിച്ചു. ചിറങ്ങര, കൊരട്ടി, പേരാമ്പ്ര പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സര്‍വീസ് റോഡുകളുടെ നിർമാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും എംപി ആവശ്യമുന്നയിച്ചു.