തൃപ്പൂണിത്തുറയിലെ ആനയെഴുന്നള്ളിപ്പ്; രൂക്ഷവിമർശനവുമായി ഹൈക്കോടതി
1484450
Thursday, December 5, 2024 3:27 AM IST
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചതില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്സവത്തിന്റെ നാലാം ദിനമായ ഈ മാസം രണ്ടിന് ദൂരപരിധി പാലിക്കാതെ ആനകളെ എഴുന്നളളിച്ചത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ കോടതി ഉത്തരവിന്റെ സമ്പൂര്‍ണ ലംഘനമാണുണ്ടായതെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ച് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസര്‍ രഘുരാമനില്‍ നിന്ന് വിശദീകരണം തേടി.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.ഗോപിനാഥ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ ആരുടെയെങ്കിലും ഈഗോയെ മുറിവേല്‍പ്പിക്കാനല്ല. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുത്തില്ലെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. സുരക്ഷാകാരണത്താലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന് മനസിലാക്കാത്തതെന്താണെന്ന് കോടതി ചോദിച്ചു. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി എഴുന്നള്ളിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു.
ദേവസ്വം ഓഫീസര്‍
വിശദീകരണം നല്‍കണം
തൃക്കേട്ട എഴുന്നള്ളിപ്പ് ദിനത്തില്‍ ദൂരപരിധി പാലിക്കാതെ 15 ആനകളെ എഴുന്നള്ളിച്ചതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പ് അധികൃതര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ദേവസ്വം ഓഫീസര്‍ ചെവിക്കൊണ്ടില്ലെന്നും വ്യക്തമാക്കി. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. മഴകാരണം ആനകളെ ഒരുമിച്ചു നിര്‍ത്തിയതാണെന്ന് ദേവസ്വം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഉന്നയിക്കപ്പെട്ട വീഴ്ചകളില്‍ ദേവസ്വം ഓഫീസര്‍ വ്യക്തമായ വിശദീകരണം നല്‍കണം. വെള്ളിയാഴ്ച വരെയാണ് തൃപ്പൂണിത്തുറ ഉത്സവം. ആനകളുടെ ദൂരപരിധി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കൂട്ടി അറിയിക്കാതെ തുടര്‍ന്നും പരിശോധനയുണ്ടാകും. കോട്ടൂര്‍ ഗണേഷ് എന്ന 68 വയസുള്ള ആനയെ തൃപ്പൂണിത്തുറയില്‍ എഴുന്നള്ളിച്ചതായി വാക്കിംഗ് ഐ ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി. ആനകളുടെ വിരമിക്കല്‍ പ്രായം 65 ആണ്. ഇതു സംബന്ധിച്ച് പരിശോധിക്കുമെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. രണ്ട് ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം കിട്ടിയെന്നുറപ്പാക്കാന് ഏകോപിത സംവിധാനം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.