കളക്ടറേറ്റ് ജീവനക്കാർ ഉപയോഗിക്കുന്നത് കാടുമൂടിയ കിണറ്റിലെ വെള്ളം
1484445
Thursday, December 5, 2024 2:55 AM IST
കാക്കനാട്: "തിളപ്പിച്ചാറിച്ച ശുദ്ധജലം മാത്രം കുടിക്കുക,കിണറുകൾ ശുദ്ധീകരിച്ച് ക്ലോറിനേഷൻ നടത്തുക, കിണറുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക’... മഞ്ഞപ്പിത്തം തുടർക്കഥയാകുമ്പോഴെല്ലാം ആരോഗ്യ വകുപ്പ് അധികൃതർ നൽകാറുള്ള ബോധവൽക്കരണ സന്ദേശമാണിത്. 1,300 ലധികം ജീവനക്കാർ ജോലി ചെയ്യുന്ന കളക്ടറേറ്റു സമുച്ചയത്തിലെ ഓരോ ഓഫീസുകളിലേക്കും പൈപ്പുകൾ വഴിയെത്തുന്ന കുടിവെള്ളം കാടുമൂടി, പാഴ്മരങ്ങൾ വളർന്ന്, കരിയിലകൾ മൂടിക്കിടക്കുന്ന ഒരു കിണറിലേതാണെന്ന് തിരിച്ചറിയുമ്പോൾ ആരുമൊന്ന് ഞെട്ടും.
കളക്ടറേറ്റ് വളപ്പിലെ കിണർ ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടെന്ന് വരില്ല. കിണറിന്റെ പരിസരങ്ങളാകെ പുല്ലുകളും കാട്ടുപൂച്ചെടികളും കൈയേറിയ നിലയിലാണ്. ഈ പൊതുകിണറിന്റെ പരിസരത്തേക്ക് കാലങ്ങളായി അധികൃതർ ആരും തിരിഞ്ഞു നോക്കാറേയില്ല. സ്ഥിരമായി വെള്ളം പമ്പു ചെയ്യാൻ മോട്ടോർ പുരയിൽ എത്തുന്ന ജീവനക്കാരും ഈ കിണറിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താറുമില്ല.
ഇരുമ്പ് വലയിട്ട് കൂടിയ കിണറിന്റെ മുകളിലെ ചീഞ്ഞഴുകിക്കിടക്കുന്ന കരിയിലക്കൂട്ടത്തിൽ കാട്ടുചെടികൾ പൂവിട്ടു നിൽക്കുന്നു. തൊട്ടടുത്തുള്ള പാലമരത്തിൻ നിന്നുള്ള പൂക്കളും ഇലകളും വീണ് വെള്ളം ഉപയോഗയോഗ്യമല്ലാതായിട്ടും ഇതേ കിണറ്റിലെ വെള്ളം തന്നെയാണ് ഓഫീസ് ജീവനക്കാരും മറ്റും ഉപയോഗിക്കുന്നത്.
1975 ൽ കളക്ടറേറ്റ് മന്ദിരം പ്രവർത്തനം തുടങ്ങും മുൻപേ നിർമിച്ച കിണറിനു അരനൂറ്റാണ്ടിലേറെ പ്രായമുണ്ട്. ഏക്കറുകണക്കിന് വിസ്തൃതിയുള്ള കളക്ടറേറ്റു വളപ്പികെ കാടുമൂടി വിഷപ്പാമ്പുകൾ പെരുകിയിട്ടും പരിസരം വൃത്തിയാക്കാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നതും ശ്രദ്ധേയം.
കളക്ടറേറ്റ് ജീവനക്കാരടക്കം 2,500 ലധികം പേർ ദിവസേന ഭക്ഷണം കഴിക്കുന്ന കാന്റീനിൽ ഭക്ഷണം പാകം ചെയ്യുന്നത് വാട്ടർ അഥോറിട്ടിയുടെ കുടിവെള്ളമാണെന്ന് കാന്റീൻ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീ കോ-ഓർഡിനേറ്റർ പറഞ്ഞു.