ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ ഭക്ഷണശാലയ്ക്ക് അനുമതിയില്ല
1484203
Wednesday, December 4, 2024 3:56 AM IST
ആലുവ: കെഎസ്ആർടിസി ഡിപ്പോയിൽ ഭക്ഷണശാല അനുവദിച്ചിട്ടും കെട്ടിട നമ്പർ ഇല്ലാത്തതിനാൽ തുടങ്ങാനാകുന്നില്ലെന്ന് പരാതി. കെട്ടിട നമ്പർ അനുവദിക്കാനായി അപേക്ഷയും രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആലുവ നഗരസഭ എൻജിനീയറിംഗ് വിഭാഗം കെഎസ്ആർടിസിയ്ക്ക് കത്തയച്ചു.
പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞതാണ്. പഴയ കെട്ടിടം പൊളിച്ചു കളഞ്ഞ 2019 മുതൽ ആലുവയിൽ ഭക്ഷണശാല ഇല്ലായെന്ന് 'ദീപിക' പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത വകുപ്പ് ആലുവയിലും ഭക്ഷണശാല അനുവദിച്ചത്. എന്നാൽ ആലുവ നഗരസഭ കെട്ടിടത്തിന് നമ്പർ അനുവദിക്കാത്തതിനാൽ കടമുറികൾ തുടങ്ങാനാകുന്നില്ല.
സ്വന്തമായി കെട്ടിട നമ്പർ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിക്കുകയുള്ളൂ. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് അസി. ട്രാൻസ്പോർട്ട് ഓഫീസർ പി.എൻ. സുനിൽ കുമാർ 'ദീപിക' യോട് പറഞ്ഞു. നിലവിൽ താത്കാലിക കണക്ഷനിലാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
എന്നാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ്, രൂപരേഖ തുടങ്ങിയവ കെഎസ്ആർടിസി അധികൃതർ സമർപ്പിട്ടില്ലെന്നാണ് ആലുവ നഗരസഭ പറയുന്നത്.
ഇത് ഓർമിപ്പിച്ചു കൊണ്ട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
കെട്ടിട പ്ലാനും ആദ്യ ഡിസൈനും തയാറാക്കിയ സ്വകാര്യ സ്ഥാപനത്തിനെ അവസാന ഘട്ടത്തിൽ ഒഴിവാക്കിയിരുന്നു. ആദ്യ പ്ലാനിനു പകരം മറ്റൊരു ഡിസൈൻ പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചു എന്ന പേരിലാണ് ത്യശൂരിലെ ഈ ഏജൻസിയെ ഒഴിവാക്കിയത്.
ആദ്യ പ്ലാൻ നൽകി കെട്ടിട നമ്പറിനായി അപേക്ഷിച്ച കെഎസ്ആർടിസിയോട് മാറ്റം വരുത്തിയ കാര്യങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു.
റീ ഡിസൈൻ ചെയ്യാൻ ടെൻഡർ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തൃശൂരിലെ സ്വകാര്യ കമ്പനിയെ പൊതുമരാമത്ത് വകുപ്പ് വീണ്ടും സമീപിച്ചിരിക്കുകയാണ്.