ആലപുരം - മോനിപ്പിള്ളി റോഡിൽ അപകടം പതിവാകുന്നു
1484199
Wednesday, December 4, 2024 3:56 AM IST
ഇലഞ്ഞി: ആന്പല്ലൂർ ശബരിമല ഹൈവേയുടെ ഭാഗമായ ആലപുരം - മോനിപ്പിള്ളി റോഡിൽ അപകടം പതിവാകുന്നു. റോഡിന്റെ വീതിക്കുറവും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളുമാണ് അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ വാഹനഗതാഗതവും വർധിച്ചു.
സന്ധ്യാൽ മുതൽ പൈങ്കുറ്റി വരെയും ആലപുരം - മൂനിപ്പിള്ളി റോഡും സമാനാവസ്ഥയിലാണ്. റോഡരികിൽ കാടുകയറി കിടക്കുന്നതും അപകട കാരണമാകുന്നു. പ്രദേശത്തെ സ്കൂൾ, കോളജ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡിലെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്കംഗം ഡോജിൻ ജോണ് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകി. റോഡിലേക്ക് പടർന്നു കിടക്കുന്ന കാടു വെട്ടിത്തെളിക്കുകയും ഓടകൾക്ക് സ്ലാബ് ഇടുകയും വഴിയോടു ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.