തട്ടേക്കാട്-കുട്ടന്പുഴ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു
1484196
Wednesday, December 4, 2024 3:56 AM IST
കോതമംഗലം: നവീകരിച്ച തട്ടേക്കാട്-കുട്ടന്പുഴ റോഡിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. രണ്ടു വർഷം മുന്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് പണിത സംരക്ഷണഭിത്തിയുടെ കോണ്ക്രീറ്റ് ബെൽറ്റ് അടക്കമാണ് ഇടിഞ്ഞു വീണത്. നിർമാണത്തിലെ അപാകതയാണ് കെട്ട് തകരാൻ കാരണമെന്നാണ് ആരോപണം.
തട്ടേക്കാട് പക്ഷിസങ്കേതം ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള കള്ള് ഷാപ്പിന് എതിർവശത്തെ കരിങ്കൽകെട്ട് ഇടിഞ്ഞ് പെരിയാറിന്റെ വൃഷ്ടിപ്രദേശത്തേക്കാണ് നിലംപൊത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് ഭിത്തി ഇടിഞ്ഞതെന്നാണ് സമീപവാസികൾ പറഞ്ഞത്. ഭിത്തിയോട് ചേർന്ന് റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറിന്റെ മൂന്ന് തൂണുകളും ഇളകിയാണ് നിൽക്കുന്നത്. ഏകദേശം അഞ്ച് മീറ്റർ നീളത്തിൽ ഒരു മീറ്റർ ഉയരത്തിൽ കെട്ട് തകർന്നിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തിന്റെ ഇരുവശത്തും റോഡിനോട് ചേർന്ന ഭാഗത്തും ശക്തമായ മഴ പെയാതാൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ട്.