കളക്ടറേറ്റ് വളപ്പിലെ കാടിനുള്ളിൽ ഇതാ അനാഥമായൊരു ഡീസൽ ജനറേറ്റർ
1483958
Tuesday, December 3, 2024 3:38 AM IST
കാക്കനാട്: കളക്ടറേറ്റ് സമുച്ചയത്തിന്റെ പടിഞ്ഞാറെ കവാടത്തിന് സമീപം ഒരാൾ പൊക്കത്തിൽ വളർന്നുപന്തലിച്ച പാഴ്ച്ചെച്ചെടികൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിൽ വെയിലും മഴയുമേറ്റ്അനാഥമായിക്കിടക്കുന്നത് ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ ഡീസൽ ജനറേറ്റർ.
കളക്ടറേറ്റിലെ തെരഞ്ഞെടുപ്പുവിഭാഗത്തിനായി നാലഞ്ചു കൊല്ലം മുൻപ് നിർമിച്ച ഇവി, വിവി പാറ്റ് സംഭരണശാലയുടെവളപ്പിലാണ് ഇലക്ഷൻ വിഭാഗത്തിന്റെ അലംഭാവം മൂലം കാലപ്പഴക്കമില്ലാത്ത ഡീസൽ ജനറേറ്റർ തുരുമ്പെടുത്തു നശിക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങൾ, ബാലറ്റ് പെട്ടികൾ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധന സാമഗ്രികൾ സൂക്ഷിക്കാനായി നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ ഒരു വശത്തായി കിടക്കുന്ന ഈ ഡീസൽ ജനറേറ്ററിന് മുകളിൽ ഒരു ടാർപ്പായ പോലും വലിച്ചു കെട്ടിയിട്ടില്ല.
നാലു തൂണുകൾ നാട്ടി തകര ഷീറ്റിട്ട് ഈ ജനറേറ്റർ സംരക്ഷിക്കാനുള്ള ഒരു നീക്കവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ഡീസൽ ജനറേറ്റർ തുരുമ്പെടുത്തതുമൂലം ഇതിന്റെ തകരാറുകൾ പരിഹരിക്കാനും വലിയ തുക വേണ്ടിവരും.