നിരാലംബരോട് കരുതലോടെ വിശ്വജ്യോതി വിദ്യാർഥികൾ
1483686
Monday, December 2, 2024 3:52 AM IST
അങ്കമാലി: അറിവു തേടിയും നേടിയും മുന്നേറുന്നതിനൊപ്പം നിരാലംബരെ കരുതലോടെ ചേർത്തുനിർത്താനും പഠിക്കുകയാണ് അങ്കമാലി വിശ്വജ്യോതി സ്കൂൾ വിദ്യാർഥികൾ. സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഭക്ഷണശാല നടത്തി അതിൽ നിന്നും ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണ് കുട്ടികൾ.
സ്കൂളിലെ കമ്യൂണിറ്റി സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി അങ്കമാലി മേഖലയിലെ നാല് അനാഥാലയങ്ങളിലെ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 100 ഓളം കുട്ടികൾ പങ്കെടുത്തു.
അങ്കമാലി വിശ്വജ്യോതി സ്കൂളിലാണ് ക്യാമ്പ് നടത്തിയത്. കുട്ടികളെ അനാഥാലയങ്ങളിൽ നിന്നും വാഹനത്തിൽ കൂട്ടികൊണ്ടുവന്നതും കൊണ്ടുവിട്ടതും അവർക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകിയതുമെല്ലാം കമ്യൂണിറ്റി സർവീസ് ക്ലബ് അംഗങ്ങളാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ആവശ്യമായവർക്ക് കണ്ണടയും മരുന്നും വിതരണം ചെയ്യും. സ്കൂൾ മാനേജ്മെന്റും അധ്യാപകരും കുട്ടികളുടെ ഉദ്യമങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.