അധികം കിട്ടിയ 500 രൂപ തിരികെയെത്തിച്ച് കെഎസ്ആർടിസി യാത്രക്കാരൻ
1483673
Monday, December 2, 2024 3:10 AM IST
ആലുവ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം എത്തിയത് ഒരു 500 രൂപയും മനോഹരമായ കൈപ്പടയിൽ എഴുതിയ കത്തും. ഞാൻ യാത്ര ചെയ്ത ബസിലെ കണ്ടക്ടർ എനിക്ക് 500 രൂപ കൂടുതൽ തന്നുവെന്നും തിരികെ നല്കണമെന്നും ആവശ്യപ്പെട്ട കത്തായിരുന്നു അത്.
യുസി കോളജിന് സമീപം കമ്പിവേലിക്കകത്ത് വീട്ടിൽ കെ.കെ. അശോകനാണ് കത്തുമായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചത്. ബസ് തിരിച്ചറിയാനായി ടിക്കറ്റും ഒപ്പം വച്ചിരുന്നു. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണെന്ന് തിരിച്ചറിഞ്ഞ് ഗൂഗിൾ പേ ചെയ്തതായി സ്റ്റേഷൻ മാസ്റ്റർ സി.പി. രാജേഷ് "ദീപിക' യോട് പറഞ്ഞു.
കൊല്ലം - അങ്കമാലി റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ എ.സി. നിജേഷിനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ 500 രൂപ തിരികെ രണ്ടാം ദിനം ലഭിച്ചത്.
29ന് ആലുവയിലിറങ്ങിയ യാത്രക്കാരന് വീണ്ടും അഞ്ഞൂറു രൂപ നൽകിയതായി ഓർത്തെങ്കിലും തുക നഷ്ടപ്പെട്ടതായാണ് നിജേഷ് കരുതിയത്. അന്നത്തെ ടിക്കറ്റ് കളക്ഷനിൽ കൈയിൽ നിന്ന് 500 രൂപ എടുത്തു വയ്ക്കുകയും ചെയ്തു.
സർവീസിൽ ആദ്യമായി സംഭവിച്ചതോർത്ത് വിഷമിക്കുകയും ചെയ്തെന്ന് നിജേഷ് 'ദീപിക'യോട് പറഞ്ഞു. സാമ്പത്തിക ക്ലേശത്തിലിരിക്കുന്ന തനിക്ക് തുക ബുദ്ധിമുട്ടിയെത്തി തിരികെ നൽകിയ സത്യസന്ധനായ യാത്രക്കാരനോട് നന്ദി പറയുന്നതായും നിജേഷ് പറഞ്ഞു.