വാട്ടർ അഥോറിറ്റിയിൽ നിന്നും അഴുക്കുവെള്ളം പാടത്തേക്ക് ഉഴുതു മറിച്ച നെൽപ്പാടങ്ങൾ വെള്ളത്തിൽ
1461372
Wednesday, October 16, 2024 3:51 AM IST
കോലഞ്ചേരി: ചൂണ്ടി വാട്ടർഅഥോറിറ്റിയിൽ നിന്നും അഴുക്കുവെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് പരിയാരം പാടശേഖരത്തിലെ ഉഴവു കഴിഞ്ഞ പാടങ്ങൾ വെള്ളത്തിലായി. ഇന്നലെ രാവിലെ ചൂണ്ടി വാട്ടർ അഥോറിറ്റിയിലെ ഫിൽട്ടർ ടാങ്ക് വൃത്തിയാക്കി ശേഷമുള്ള ചെളി നിറഞ്ഞ അഴുക്കു വെള്ളം പരിയാരം പാടശേഖരത്തിനിടയിലൂടെ പോകുന്ന കൊച്ച് തോട്ടിലൂടെ പാടശേഖരത്തെത്തുകയായിരുന്നു.
സാധാരണ ഒരു ബെഡ് കഴുകി അഴുക്കുവെള്ളം പുറത്തേക്കു വിടുന്നതിന് പകരം ക്രമാതീതമായി മൂന്നോളം ബെഡ്ഡുകൾ കഴുകി പുറത്തേക്കു വിട്ട വെള്ളമാണ് ഉഴവു കഴിഞ്ഞ പാടശേഖരത്തിലേക്ക് ഇരച്ചു കയറിയത്.
പാടശേഖരത്തിലെ പല വരമ്പുകളും വെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് നശിച്ച അവസ്ഥയാണ്. തലേദിവസം ഉഴവു കഴിഞ്ഞ പാടമായതിനാൽ വയലിലെ സംപുഷ്ടമായ മണ്ണും ഒലിച്ച് പോയി. വരും ദിവസങ്ങളിൽ മുണ്ടകൻ കൃഷിക്കായി വിത്ത് വിതയ്ക്കാൻ തയാറെടുത്ത കർഷകർ ആശങ്കയിലായി.
തങ്ങൾക്കുണ്ടായ നഷ്ടം കർഷകർ അറിയിച്ചതിനെ തുടർന്ന് പൂതൃക്ക കൃഷി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ സൂചിപ്പിച്ചു. എന്നാൽ തോടിന് വീതി കുറഞ്ഞതിനാലാണ് വെള്ളം പാടശേഖരത്തിലേക്ക് കയറിയതെന്നും തോടിന് ആഴം കൂട്ടി വൃത്തിയാക്കാൻ ഉത്തരവദിത്തപ്പെട്ടവർ ഇടപെടണമെന്നുമായിരുന്നു വാട്ടർ അഥോറിറ്റിയുടെ നിലപാട്. ഉദ്ദേശം 10 ഹെക്ടറോളം പാടശേഖരത്തിലാണ് ഇവിടെ കൃഷി ഇറക്കുന്നത്.