കരുമാലൂരിലെ പാർപ്പിട സമുച്ചയത്തിനെതിരേ പഞ്ചായത്ത് നടപടി തുടങ്ങി
1461363
Wednesday, October 16, 2024 3:37 AM IST
കരുമാല്ലൂര്‍: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത പാര്പ്പിടസമുച്ചയത്തിനെതിരെ കരുമാല്ലൂര്‍ പഞ്ചായത്ത് നടപടി തുടങ്ങി. കോട്ടപ്പുറം മാമ്പ്രയില്‍ പ്രര്‍ത്തിക്കുന്ന അക്വാസിറ്റി എന്ന പാര്‍പ്പിടസമുച്ചയത്തിലാണ് താമസം റദ്ദുചെയ്തുകൊണ്ടുള്ള നോട്ടീസ് പതിച്ചിരിക്കുന്നത്.
ഈ പാര്പ്പിടസമുച്ചയത്തിനെതിരെ വിവിധതരത്തിലുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ഇവിടെ യാതൊരുവിധ അഗ്നിസുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ആളുകള്‍ താമസിക്കുന്നതെന്ന് ഫയര്‍ഫോഴ്സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ കളക്ടര്‍ക്ക് കത്തുനല്‍കി.
അതേതുടര്ന്ന് നടപടി സ്വീകരിക്കുവാന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിടുകയുംചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം കരുമാല്ലൂര്‍ പഞ്ചായത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തി ചൊവ്വാഴ്ച നോട്ടീസ് പതിപ്പിച്ചത്.
ഇവിടെ മാലിന്യ സംസ്കരണത്തിനും മതിയായ സംവിധാനമില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യം മുഴുവന്‍ പൊതുനിരത്തിലും സമീപപ്രദേശങ്ങളിലും ഒഴുകി പരിസരവാസികള്‍ക്ക് രോഗംപിടിപെടുകയുംചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയിലും പഞ്ചായത്തിന്റെ നടപടിയുണ്ടാകും.