സ്കൂളുകളില്‍ ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തും
1461356
Wednesday, October 16, 2024 3:29 AM IST
കൊച്ചി: ജില്ലയിലെ എല്ലാ സ്കൂളുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്റേയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റേയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.
തുടര്‍ന്ന് സ്വകാര്യ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കും. അഞ്ചു സ്കൂളുകള്‍ തെരഞ്ഞെടുത്ത് മോഡല്‍ പദ്ധതി നടപ്പാക്കും.
ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവയാണ് സജ്ജമാക്കുക. ഇതിനായുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോളജുകള്‍, ആശുപത്രികള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.
മാലിന്യമുക്തം നവകേരളം കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കാനുള്ള നിര്‍ദേശം എല്ലാ പഞ്ചായത്തുകളും സമയബന്ധിതമായി നടപ്പാക്കണം. എംസിഎഫുകള്‍ ആരംഭിക്കുന്നതിന് റവന്യൂ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ട്. മാലിന്യ സംസ്കരണ പദ്ധതികള്‍ ആരംഭിക്കുന്നതിന് എല്ലാ സാങ്കേതിക സഹായവും പിന്തുണയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ബയോമെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്ന പ്ലാന്റ്, റിജക്ടഡ് വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, അണ്ടര്‍ ഗ്രൗണ്ട് എസ്ടിപി പ്ലാന്റ് എന്നിവയെക്കുറിച്ച് അവതരണം നടന്നു. ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി. ജ്യോതിമോള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.