വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ട് : വിസ്മയിപ്പിച്ച് സഹോദരിമാര്‍
1461354
Wednesday, October 16, 2024 3:29 AM IST
കൊച്ചി: വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാവുന്ന റോബോട്ടിക് ഉപകരണം വികസിപ്പിച്ച് സ്കൂൾ വിദ്യാര്‍ഥികളായ സഹോദരികള്‍. അക്വാ റെസ്ക്യൂ റാഫ്റ്റ് 1.0, ട്രാഷ്ബോട്ട് 3.0 എന്നീ റോബോട്ടുകളെയാണ് മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാത്ലിന് മാരി ജീസനും നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലെയര്‍ റോസ് ജീസനും വികസിപ്പിച്ചത്.
അഹമ്മദാബാദില്‍ നടന്ന ദേശീയ റോബോട്ടിക്സ് ഒളിമ്പ്യാഡില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തില്‍ ഇരുവരുടെയും കണ്ടുപിടിത്തത്തിന് ഒന്നാം സമ്മാനവും ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിച്ചു.
കോവിഡ് കാലത്ത് പതിവ് പഠനത്തിനു പുറമേ കോഡിംഗ് പഠിച്ചു തുടങ്ങിയതാണ് കാത്ലിനെ റോബോട്ടിക് മേഖലയില്‍ ആകൃഷ്ടയാക്കിയത്. അനിയത്തി ക്ലെയറിനെ ഒപ്പം കൂട്ടി ചെറിയ റോബോട്ടുകളെ നിര്‍മിച്ചു തുടങ്ങി.
കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക ദുരന്തത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന റോബോട്ടുകള്‍ നിര്‍മിക്കാനുള്ള ആശയം ഉണ്ടായതെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. സഹായത്തിന് യുണീക് വേള്‍ഡ് റോബോട്ടിക്സിലെ കോച്ച് അഖില ആര്. ഗോമസും ഒപ്പം ചേര്‍ന്നു.