വഖഫ് ഭൂമി തർക്കം നിയമസഭയിൽ : കേസുകൾ തീർപ്പാക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി
1461349
Wednesday, October 16, 2024 3:29 AM IST
വൈപ്പിൻ: കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട 404 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ ആരംഭിച്ച തർക്കം നിയമസഭയിൽ ഉന്നയിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പ്രാദേശവാസികൾക്ക് കരം അടയ്ക്കാൻ പറ്റാത്തതിനു കാരണമായ കേസുകൾ തീർപ്പാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു.
വഖഫ് ഭൂമിയിൽ അവകാശം ഉന്നയിച്ചതോടെ 600ലേറെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. സർക്കാർ ഇടപെട്ടതിനെ തുടർന്ന് റവന്യുമന്ത്രി കരം സ്വീകരിക്കാൻ നിർദേശം നൽകി. ഇതിനിടെ ഹൈക്കോടതിയിൽ ഇതിനെതിരെ കേസും തുടർന്ന് സ്റ്റേയും വന്നതിനാലും സർക്കാർ ഉത്തരവുണ്ടായിട്ടും കരം സ്വീകരിക്കാൻ കഴിയാതെ വന്നു. ഇത് തരണം ചെയ്യാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഏതാനും കേസുകളിൽ കൊച്ചി ഭൂരേഖ തഹസിൽദാർ നിർദേശം സമർപ്പിച്ചിട്ടുണ്ട്. മറ്റു കേസുകളിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടു സ്റ്റേ നീക്കുന്നതിനു നടപടികൾ സ്വീകരിച്ചു വരികയാണ്.
ഇവയ്ക്കു പുറമെ വഖഫ് ബോർഡ് എതിർകക്ഷിയായി ആറു കേസുകളും നിലവിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചതായി എംഎൽഎ വ്യക്തമാക്കി.
പ്രശ്നത്തിലെ നിയമപരമായ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ റവന്യു, വഖഫ് മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിനു കെ. എൻ. ഉണ്ണികൃഷ്ണൻ കത്തു നൽകിയിട്ടുണ്ട്.