കുടുംബസംഗമവും വനിതാ കൂട്ടായ്മയും
1460900
Monday, October 14, 2024 4:13 AM IST
കോതമംഗലം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുടുംബസംഗമവും വനിതാ കൂട്ടായ്മയും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടന സംസ്ഥാന പ്രസിഡന്റ് മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ബേബി അധ്യക്ഷത വഹിച്ചു.
റേഷൻ വ്യാപാരികളോടുള്ള ധനകാര്യവകുപ്പിന്റെയും സർക്കാരിന്റെയും ക്രൂര വിരോധത്തിനെതിരെ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യേണ്ടിവരുമെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജോലി ചെയ്ത കൂലി പോലും നൽകാതെ ക്രൂര വിനോദം നടത്തുന്ന ധനമന്ത്രിയുടെയും ധനകാര്യവകുപ്പിന്റെയും നടപടി പ്രതിഷേധാർഹമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.
തുച്ഛമായ വരുമാനം പോലും കുടിശിഖയായ സാഹചര്യത്തിൽ വ്യാപാരികൾ ദുരിതത്തിലാണെന്നും ഈ സാഹചര്യത്തിൽ റേഷൻ കടകൾ അടച്ചിട്ട് ട്രഷറികളുടെ മുന്പിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ റേഷൻ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. വനിതാ കൂട്ടായ്മ രൂപീകരണവും വിവിധ കലാകായിക മത്സരങ്ങളും നടത്തി.
മാജോ മാത്യു, എം.എം. രവി, എം.എസ്. സോമൻ, ബിജി എം. മാത്യു, കെ.എസ്. സനൽ കുമാർ, ടി.എം. ജോർജ്, പി.പി. വർഗീസ്, ഷാജി വർഗീസ്, മോൻസി ജോർജ്, വർഗീസ്കുട്ടി പെരുന്പാവൂർ എന്നിവർ പ്രസംഗിച്ചു.