വന്യമൃഗ ആക്രമണം; സംവാദ സദസ് സംഘടിപ്പിച്ചു
1460897
Monday, October 14, 2024 4:13 AM IST
കോതമംഗലം: വന്യമൃഗ ആക്രമണം തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ക്രീയാത്മകമായ നടപടികൾ സ്വീകരിക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടുന്നതിനെതിരെ കിഫ ജില്ലാ കമ്മിറ്റി കുട്ടന്പുഴയിൽ സംവാദ സദസ് സംഘടിപ്പിച്ചു.
കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി - മൂന്നാർ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തു 100 അടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതിയിൽനിന്ന് വിധി വാങ്ങിയത് പോലെ പുന്നേക്കാട് - തട്ടേക്കാട് റോഡിൽ വനം വകുപ്പിനുള്ള അവകാശം അവസാനിപ്പിക്കുമെന്നും വനം വകുപ്പ് അനധികൃതമായി കടന്പയിട്ട് അടച്ചിരിക്കുന്ന പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പഴയ ആലുവ - മൂന്നാർ രാജാപാത തുറപ്പിക്കുമെന്നും കിഫ ചെയർമാൻ പറഞ്ഞു.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. കിഫ പാലക്കാട് ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് സംവാദ സദസ് ഉദ്ഘാടനം ചെയ്തു. കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. റസാഖ് ചൂരവേലിൽ, റോയ് ഏബ്രഹാം, ബേസിൽ പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു.