മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം : ഭാര്യയെ ആസാമിൽനിന്ന് അറസ്റ്റ് ചെയ്തു
1460896
Monday, October 14, 2024 4:13 AM IST
മൂവാറ്റുപുഴ: അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ ആസാമിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ടാം ഭാര്യയായ സെയ്ത ഖാത്തൂണിനെ (38) ആണു ആസാമിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആസാം സ്വദേശി ബാബുൾ ഹുസൈന്റെ മൃതദേഹം മുടവൂർ തവളക്കവല കൊച്ചുകുടിയിൽ തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിനു മുകളിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യയെയും ഭാര്യാ സഹോദരിയെയും കുട്ടിയെയും ഇവിടെനിന്നു കാണാതായിരുന്നു.
ബാബുളിനെ കഴുത്തറത്തു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് പോലീസ് ആസാമിലെത്തി ആസാം പോലീസിന്റെ സഹായത്തോടെ സെയ്ത ഖാത്തൂണിനെ അറസ്റ്റ് ചെയ്തത്.
സെയ്ത ഖാത്തൂണ്‍ ബാബുളിന്റെ രണ്ടാം ഭാര്യയാണ്. 2015ലാണ് ബാബുളിനെ വിവാഹം കഴിക്കുന്നത്. ബാബുളിന്റെ മർദനം സഹിക്കാനാകാതെയാണു കൊലപാതകം നടത്തിയതെന്നാണു സെയ്ത പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ബാബുൾ വീട്ടിൽ ഉറങ്ങിക്കിടക്കുന്പോൾ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ വിശദമായി പോലീസ് ചോദ്യം ചെയ്ത ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും.