ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ : * ലുലുവില്‍ ഹരിശ്രീ കുറിച്ചത് ആദിവാസി ഊരുകളിലെ കുട്ടികളും
1460884
Monday, October 14, 2024 3:51 AM IST
കൊച്ചി: ദേവാലയങ്ങളിലും എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും ഇന്നലെ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്നു. പുലര്‍ച്ചെ മുതല്‍ മിക്കയിടങ്ങളിലും വന്‍ തിരക്കായിരുന്നു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ രാവിലെ ഒന്‍പതിന് ലുലുവിലെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. രജിസ്ട്രേഷനിലൂടെ എത്തിയ കുട്ടികള്‍ക്കൊപ്പം ആദിവാസി ഊരുകളിലെ നൂറിലേറെ കുട്ടികളും ലുലു വിദ്യാരംഭത്തിലൂടെ അക്ഷരവഴിയിലേക്ക് ചുവടുവച്ചു.
അടിമാലി ആദിവാസി റേഞ്ചിലെ പിണവൂര്‍കുടി, കുന്നശേരി, വെള്ളാരംകുത്ത്, കൊരത്തിക്കുടി, ചൂരന്കണ്ടന്ക്കുടി, വാളറക്കുടി ഊരുകളില്‍ നിന്നുള്ള കുട്ടികളാണ് ലുലുവില്‍ ആദ്യാക്ഷരം കുറിച്ചത്. പനംകുളം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് ആദിവാസി ഊരുകളിലെ കുട്ടികളുടെ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. ഗാന്ധിയന്‍ നാരായണന്, ഗായകന് സുധീപ് കുമാര്‍, നടന് ശ്രീകാന്ത് മുരളി, എഴുത്തുകാരനും സംവിധായകനുമായ അഭിലാഷ് പിള്ള, നൃത്തകിയും നടിയുമായ കലാമണ്ഡലം സോഫിയ, കൃഷ്ണ പ്രഭ എന്നിവര്‍ കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്നു നല്കി.
ഇടുക്കി എറണാകുളം, ആലപ്പുഴ ജില്ലകള്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്കിന്റെ (318 ഇ) സഹകരണത്തോടെയായിരുന്നു വിദ്യാരംഭചടങ്ങുകള്‍. ലയണ്‍സ് ക്ലബ്ബ് ഡിസ്ക്ട്രിക് ഗവര്‍ണര്‍ രാജന് എന്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ലുലു റീജണല്‍ ഡയറക്ടര്‍ സാദിഖ് കാസിം, ലുലു മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണുനാഥ്, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ക്രിട് ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍, കാബിനറ്റ് സെക്രട്ടറി ജോര്‍ജ് സാജു, കാബിനറ്റ് ട്രഷറര്‍ സിബി ഫ്രാന്‍സിസ്, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പറവൂര്‍ ദക്ഷിണ മുകാംബിക ക്ഷേത്രത്തിലെത്തില്‍ 1400ഓളം കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ആയിരത്തിലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.