നിര്‍ദേശം ലംഘിച്ച് ചെറുമീൻ പിടുത്തം വ്യാപകം
1460881
Monday, October 14, 2024 3:51 AM IST
കൊച്ചി: ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം മറികടന്ന് സംസ്ഥാനത്ത് ചെറുമീനുകളെ പിടിക്കുന്നത് വ്യാപകമായി. മത്സ്യലഭ്യത ഉണ്ടായിരിക്കെയാണ് നിര്‍ദേശം ലംഘിച്ചുള്ള ഈ മത്സ്യബന്ധനം. നിയമപ്രകാരമുള്ള പരിശോധനകള്‍ ഫിഷറീസ് വകുപ്പ് നടത്തുന്നുണ്ടെങ്കിലും ഇത്തരം പരിശോധനകളുടെ കണ്ണുവെട്ടിച്ചും ഇതു തുടരുകയാണ്.
ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു മീനുകളടക്കം ലഭിക്കുമ്പോള്‍ ഇത്തരത്തിലുള്ള മത്സ്യബന്ധനം മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും അടുത്ത സീസണില്‍ വലിയ മത്സ്യക്ഷാമം നേരിടുമെന്നും ഒരു വിഭാഗം തൊഴിലാളികൾ മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്ത് പിടിക്കുന്ന 55ലധികം മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
ഒമ്പതു സെന്റീമീറ്ററില്‍ കുറഞ്ഞ വലിപ്പമുള്ള ചാളയെയും 14 സെന്റീമീറ്ററില്‍ കുറഞ്ഞ വലിപ്പമുള്ള അയലയേയും പിടികൂടാന്‍ പാടില്ലെന്നാണ് നിയമം. ചെറുമീനുകളില്‍ ഏറ്റവും കൂടുതല്‍ പിടികൂടുന്നത് ചാളയാണ്. ഇവ മത്സ്യത്തീറ്റ, കോഴിത്തീറ്റ എന്നിവ നിര്‍മിക്കുന്നതിനായി കിലോ 30 രൂപയ്ക്ക് അന്യസംസ്ഥാനത്തേക്ക് കയറ്റയയയ്ക്കുകയാണ് ചെയ്യുന്നത്.
കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മീന്‍തീറ്റ നിര്‍മാണ യൂണിറ്റുകള്‍ക്ക് അസംസ്കൃത വസ്തുവായി പോകുന്നത് കേരളത്തില്‍ പിടിക്കുന്ന ചെറുമീനുകളാണ്. ഇത് എണ്ണയാക്കി മാറ്റിയ ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങളാണ് തീറ്റയ്ക്കായി ഉപയോഗിക്കുന്നത്.
ഈ സാഹചര്യത്തില്‍ ചെറുമീന്‍ പിടുത്തത്തിനെതിരെ ശക്തമായ പരിശോധന നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഒരുവിഭാഗം തൊഴിലാളികളുടെ ആവശ്യം.