കോലഞ്ചേരിയിൽനിന്നു കാണാതായ പതിനഞ്ചുകാരി വിജയവാഡയിൽ
1460876
Monday, October 14, 2024 3:51 AM IST
കോലഞ്ചേരി: കോലഞ്ചേരിയിൽനിന്നു കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാറി(21)നെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിനാണ് ആസാം സ്വദേശിനിയായ പത്താം ക്ലാസുകാരിയെ കാണാതായത്.
തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽ നിന്നാണ് യുവാവിനൊപ്പം പെൺകു ട്ടിയെ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജയവാഡയിൽ എത്തിക്കുകയായിരുന്നു.
പുലർച്ചെ എറണാകുളം വരെ ബസിൽ എത്തുകയും അവിടെ നിന്ന് ട്രെയിൻമാർഗം പെൺ കുട്ടി വിജയവാഡയിൽ എത്തുകയുമായിരുന്നു. യാത്രയ്ക്കിടെ സഹയാത്രക്കാരുടെ മൊബൈൽ ഉപയോഗിച്ചാണ് പെൺകുട്ടി യുവാവുമായി ബന്ധപ്പെട്ടിരുന്നത്. പോലീസ് കണ്ടെത്താതിരിക്കാൻ യുവാവിന്റെ നിർദേശപ്രകാരം ഫോൺ വീട്ടിൽവച്ചാണ് പെൺകുട്ടി പോയത്.
അവിടെയെത്തിയപ്പോൾ യുവാവിന്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച സ്ഥലം കണ്ടെത്തിയത്.
അപകടം നിറഞ്ഞ പ്രദേശത്ത് എസ്ഐ ജി. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് ടീം സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ മോചിപ്പിച്ച്, പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായത്. റോഡ് മാർഗമാണ് പോലീസ് വിജയവാഡയിലെത്തിയത്.
വാടക വീട്ടിൽ വച്ച് യുവാവ് പെൺകുട്ടിയെ നിരവധി തവണ ലൈംഗീകമായി ഉപദ്രവിച്ചതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.