അങ്കമാലി യൂദാപുരം പള്ളിയില്‍ ഊട്ടുതിരുനാള് 31ന്
1460378
Friday, October 11, 2024 3:35 AM IST
അങ്കമാലി: തീര്‍ഥാടന കേന്ദ്രമായ അങ്കമാലി യൂദാപുരം പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ 27 മുതല്‍ 31 വരെ ആഘോഷിക്കും. പ്രസിദ്ധമായ ഊട്ടുനേര്‍ച്ച 31 നു നടക്കും. ദേവാലയം രജത ജൂബിലി ആഘോഷിക്കുന്നതിന്റെ നിറവിലാണ് ഇപ്രാവശ്യത്തെ ഊട്ടുതിരുനാള് എന്ന പ്രത്യേകതയുണ്ട്.
ദേവാലയ സ്ഥാപന ജൂബിലി സമാപനം ഊട്ടു തിരുനാളോടെയും ദേവാലയ ആശീര്‍വാദത്തിന്റെ ജൂബിലി സമാപനം 2025 ജനുവരി അഞ്ചിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയും സമാപിക്കും. മാതൃവേദി നേതൃത്വം നല്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ 16ന് സമാപിക്കും.
17നു ആരാധനാ ദിനവും 18 മുതല്‍ 26 വരെ നവനാള്‍ പ്രാര്‍ഥനയും നടക്കും. 27ന് പ്രസുദേന്തിവാഴ്ചയെതുടർന്നാണ് തിരുനാള്‍ കൊടികയറ്റം. ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ നേതൃത്വം നല്‍കും. 31 ന് രാവിലെ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിക്കും.
പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് വിശുദ്ധ യൂദാതദേവൂസിന്റെ അത്ഭുത തിരുസ്വരൂപം വഹിച്ച് അള്‍ത്താര ചുറ്റി പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. തിരുനാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ആദ്യ ചോറൂട്ടിനുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ എട്ടാമിടം നവംബര്‍ രണ്ടിന് ആഘോഷിക്കും.
രജത ജൂബിലിയോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്കുന്ന 25 ഭവനങ്ങളുടെ നിര്‍മാണം നടന്നുവരികയാണ്. ഇതില്‍ 11 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. 25 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഓരോ ആഴ്ചയിലും 25 വീതം കാന്‍സര്‍ രോഗികള്‍ക്കും മുടങ്ങാതെ സാമ്പത്തിക സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്.
റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, സഹവികാരി ഫാ. ലിജോ ജോഷി പുളിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഹെര്‍ബെര്‍ട്ട് ജെയിംസ് മേടയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.