തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ കക്കൂസ് മാലിന്യം വഴിയിലേക്ക് പൊട്ടിയൊഴുകുന്നു
1460227
Thursday, October 10, 2024 7:24 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേയുടെ കക്കൂസ് മാലിന്യടാങ്ക് നിറഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്നു.
മലിനജലമാണെന്നറിയാതെ വെള്ളത്തിൽ ചവിട്ടിയും കാൽ കഴുകിയും യാത്രക്കാർ. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള സെപ്റ്റിക്ക് ടാങ്കാണ് നിറഞ്ഞ് കവിഞ്ഞ് പുറത്തേയ്ക്ക് ഒഴുകുന്നത്.അരയാൾ പൊക്കത്തിൽ പുല്ല് വളർന്നുനിൽക്കുന്നത് കൊണ്ട് തന്നെ മാലിന്യടാങ്ക് ആരുടെയും ദൃഷ്ടിയിൽപ്പെടുന്നില്ല.
മെട്രോയുടെ ടെർമിനൽ സ്റ്റേഷൻ കൂടി പ്രവർത്തനമാരംഭിച്ചതോടെ ദിനംപ്രതി ഒട്ടേറെ യാത്രക്കാരാണ് ഇതിനരികിലൂടെ യാത്ര ചെയ്യുന്നത്.സെപ്റ്റിക്ക് ടാങ്കിൽ നിന്നൊഴുകുന്ന ജലമാണെന്നറിയാതെ യാത്രക്കാർ ഈ മലിനജലത്തിൽ ചവിട്ടിയാണ് യാത്ര.
മലിനജലം നാളുകളായി പൊട്ടിയൊഴുകുന്ന കാര്യം മുനിസിപ്പൽ അധികാരികളുൾപ്പെടെ ഇടപെട്ട് പറഞ്ഞിട്ടും റെയിൽവേ അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നീക്കവുമുണ്ടാകുന്നില്ലെന്ന് നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി പറഞ്ഞു.